വീടിനുള്ളില്‍ കഴിയണം പുറത്തിറങ്ങരുത്: ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി മാലിയിലെ ഇന്ത്യന്‍ എംബസി

വീടിനുള്ളില്‍ കഴിയണം പുറത്തിറങ്ങരുത്: ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി മാലിയിലെ ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മാലിയിലെ ഇന്ത്യന്‍ എംബസി. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അറിയിച്ചെങ്കിലും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

മാലിയിലെ കാറ്റി ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ സായുധ സംഘങ്ങള്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ബമാകോയിലെ ഇന്ത്യന്‍ എംബസി അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് പ്രധാന നിര്‍ദേശം. മാലിയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

പ്രാദേശിക അധികൃതരും എംബസിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് ആവശ്യപ്പെട്ട എംബസി അടിയന്തര സാഹചര്യങ്ങളില്‍ +223 78486019 / 94793705 എന്നി നമ്പറുകളില്‍ എംബസിയെ ബന്ധപ്പെടണമെന്നും അറിയിച്ചു.

മാലിയിലെ വിവിധ നഗരങ്ങളില്‍ അതിശക്തമായ ആക്രമണങ്ങളാണ് നടന്നത്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയായ ജെഎന്‍ഐഎം, തുവാറെഗ്, വിമത ഗ്രൂപ്പായ എഫ്എല്‍എ എന്നിവര്‍ സംയുക്തമായാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.