ബിജെപിയ്ക്ക് കരുത്തേറും: എഎപി വിട്ട എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം നല്‍കി രാജ്യസഭാ ചെയര്‍മാന്‍

ബിജെപിയ്ക്ക് കരുത്തേറും: എഎപി വിട്ട എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം നല്‍കി രാജ്യസഭാ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആം ആദ്മി നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെ ബിജെപി അംഗങ്ങളായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106 ല്‍ നിന്നും 113 ആയി വര്‍ധിച്ചു. ഇതോടെ സഭയില്‍ ബിജെപിയുടെ നില ഭദ്രമായിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ഏഴ് എംപിമാര്‍ പാര്‍ട്ടി വിട്ടത്. പഞ്ചാബില്‍ നിന്നുള്ളവര്‍ രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക്, മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മാലിവാളും ആണ് പാര്‍ട്ടി വിട്ടത്.

ആം ആദ്മി പാര്‍ട്ടി തങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി മാറ്റം. കൂറുമാറിയവരില്‍ ആറ് പേരും പഞ്ചാബില്‍ നിന്നുള്ള എംപിമാരാണ്. എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഇവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് എഎപി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ട് ചെയര്‍മാന്‍ ബിജെപി ലയനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് എഎപിക്ക് ഇനി മൂന്ന് എംപിമാര്‍ മാത്രമാണ് ഉള്ളത്. സഭയിലെ ഭൂരിപക്ഷം എംപിമാരും ഒരേസമയം പാര്‍ട്ടി വിട്ടത് എഎപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറിയ ഏഴ് പേരെയും ഇപ്പോള്‍ ബിജെപി എംപിമാരുടെ പട്ടികയിലാണ് ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.