കൊച്ചി: കേരളത്തിന്റെ മിഷനറി ചരിത്രത്തില്‍ സുവര്‍ണ അധ്യായം കുറിച്ച് ദൈവദാസന്‍ ഫാ. തിയോഫിനെ (തിയോഫിനച്ചന്‍) കത്തോലിക്കാ സഭയിലെ 'ധന്യ' പദവിയിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തി. ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ കപ്പൂച്ചിന്‍ സന്യാസിയാണ് തിയോഫിനച്ചന്‍.
കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ തിങ്കളാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് പദവി പ്രഖ്യാപനത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
വത്തിക്കാന്റെ ഔദ്യോഗിക ഡിക്രി ചടങ്ങില്‍ വായിക്കുകയും അദേഹത്തിന്റെ ഛായാ ചിത്രം ആശ്രമ ദേവാലയത്തില്‍ അനാച്ഛാദനം ചെയ്യുകയും ചെയ്തു. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളിലെ അതീവ പ്രാധാന്യമേറിയ ഒരു ഘട്ടം ഇതോടെ പൂര്‍ത്തിയായി. വരാപ്പുഴ അതിരൂപതാ വൈസ് ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് ഇറ്റാലിയന്‍ ഭാഷയില്‍ വായിച്ചു. സിസിഎംഎസ്ഐ പ്രസിഡന്റ് ഫാ. ജോര്‍ജ് ആന്റണിയാണ് അത് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത്.
പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്ന ശുശ്രൂഷകളില്‍ വിവിധ രൂപതാ മെത്രാന്മാരും കപ്പൂച്ചിന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ അധികാരികളും നൂറുകണക്കിന് വൈദികരും വിശ്വാസികളും പങ്കെടുത്തു. പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രത്യേക കൃതജ്ഞതാ ബലിയും പ്രാര്‍ത്ഥനകളും നടന്നു. തിയോഫിനച്ചന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ സ്ഥിരീകരിക്കപ്പെടുന്ന മുറയ്ക്ക് ഇനി അദേഹത്തെ 'വാഴ്ത്തപ്പെട്ട' പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
തന്റെ ജീവിതകാലമത്രയും കാത്തുസൂക്ഷിച്ച ശാന്തതയും പുഞ്ചിരിയും കാരണം 'പുഞ്ചിരിക്കുന്ന വിശുദ്ധന്‍' എന്നാണ് അദേഹം അറിയപ്പെട്ടിരുന്നത്. കഠിനമായ അര്‍ബുദ രോഗത്തിന്റെ വേദനകള്‍ക്കിടയിലും മിഷനറി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഫാ. തിയോഫിന്‍ 1968 ഏപ്രില്‍ നാണ് വിടവാങ്ങിയത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്കിടയില്‍ അദേഹം നടത്തിയ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണ്.
ആലപ്പുഴ കുത്തിയതോട് കോട്ടപ്പുറം കൂടാല്ലൂര്‍ ഔസേപ്പ്, മറിയം ദമ്പതികളുടെ മകനായി 1913 ലാണ് മൈക്കിള്‍ എന്ന തിയോഫിനച്ചന്റെ ജനനം. വളരെയധികം ദൈവ ഭക്തിയുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മൈക്കിളിന്റെ മാമ്മോദീസ 1913 ജൂലൈ 26 നായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദേഹം തന്റെ മിഡില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് കുത്തിയതോടുള്ള പ്രാദേശിക സ്‌കൂളിലായിരുന്നു. ചെറുപ്പത്തിലേ ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മൈക്കിള്‍, ഇടവകയിലെ അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമാണ് വിശ്വാസത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ചത്. 1929 ല്‍ തന്റെ പതിനേഴാം വയസിലാണ് എറണാകുളത്തുള്ള വരാപ്പുഴ അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ അദേഹം ചേര്‍ന്നത്. സെമിനാരി പഠന കാലത്ത് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതത്തോട് ആകൃഷ്ടനായ അദേഹം കപ്പൂച്ചിന്‍ സഭയില്‍ ചേരാന്‍ തീരുമാനിച്ചു.
1933 ഒക്ടോബര്‍ 31 ന് മംഗലാപുരത്തെ (ഫാരംഗിപ്പേട്ട്) മോണ്ടെ മരിയാനോ ആശ്രമത്തിലാണ് തന്റെ നൊവിഷ്യേറ്റ് ആരംഭിച്ചത്. ഈ സമയത്താണ് തിയോഫിന്‍ എന്ന സന്യാസ നാമം അദേഹം സ്വീകരിച്ചത്. 1937 ല്‍ നിത്യവ്രതം എടുത്ത അദേഹം 1941 ഏപ്രില്‍ 20 ന് വൈദിക പട്ടം സ്വീകരിച്ചു.
കഠിനമായ രോഗാവസ്ഥയിലും പുഞ്ചിരിയോടെ മറ്റുള്ളവരെ സേവിച്ച അദേഹം പിന്നീട് തന്റെ ആത്മീയ ശുശ്രൂഷകളിലൂടെ 'പുഞ്ചിരിക്കുന്ന വിശുദ്ധന്‍' എന്ന പേരില്‍ അറിയപ്പെട്ടു.