തിരുവനന്തപുരം: കേരളത്തില്‍ സമീപകാലത്തായി പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരുന്നത് ഏറെ ഗൗരവകരമായാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കാണുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി 10 പേര്‍ക്ക് കൂടി പാമ്പിന്റെ കടിയേറ്റ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം ശക്തമാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീടിന്റെ പരിസരങ്ങളില്‍ വെച്ചുതന്നെ കടിയേല്‍ക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കോഴിക്കോട്ട് പേരാമ്പ്രയിലെ കണ്ണിപ്പൊയില്‍ റോഡ് ചിത്രാഞ്ജലിയില്‍ അഞ്ജലിക്കും ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ പൂനൂര്‍ കക്കാട്ടുമ്മല്‍ മുഹമ്മദ് അന്‍സഫിനുമാണ് കടിയേറ്റത്. രണ്ട് പേരെയും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മൂന്നുമുക്ക് വി.ആര്‍ ഹൗസില്‍ ഭുവനചന്ദ്രനെ അയല്‍വീട്ടിലെ വിറകുപുരയ്ക്ക് സമീപത്തുവെച്ചാണ് പാമ്പ് കടിച്ചത്. വൈകുന്നേരം കളിക്കുന്നതിനിടെ സമീപത്തെ തോട്ടില്‍ ഇറങ്ങിയപ്പോള്‍ വട്ടപാറയില്‍ അഭിനവിന് കടിയേറ്റു. രണ്ട് പേരും മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി. അതേസമയം മലപ്പുറം എടപ്പാളില്‍ വീടിനുപുറത്തുവെച്ച് പാമ്പുകടിയേറ്റ അങ്ങാടി ചിറക്കല്‍ ഷഹ്ല തസ്നി ഗുരുതരാവസ്ഥയില്‍ കുന്ദംകുളത്തെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
കാസര്‍കോട് നര്‍ക്കിലക്കാട് അയല്‍വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസുകാരിയെ മൂര്‍ഖന്‍ കടിച്ചു. എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടില്‍ ശരത്ചന്ദ്രന്റെയും അജിതയുടെയും മകള്‍ ഋതുചന്ദ്രയ്ക്കാണ് കടിയേറ്റത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.
ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപിക പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് സിന്ധു രതീഷിനും ചേര്‍ത്തല തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പുത്തന്‍വെളിയില്‍ ബിന്ദുവിന്റെ മകള്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി സാന്ദ്രയ്ക്കും കടിയേറ്റു. വീടിന്റെ പരിസരത്ത് നിന്നാണ് സിന്ധുവിനെ അണലി കടിച്ചത്. കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 ന് ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളജിന് സമീപത്തെ ഇടവഴിയില്‍ വെച്ചാണ് സാന്ദ്രയുടെ കാലില്‍ പാമ്പുകടിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
തൃശൂര്‍ കാറളം പുല്ലത്തറ സെന്ററിന് സമീപം വെള്ളേപറമ്പില്‍ പ്രസീതയ്ക്കും നടവരമ്പ് സ്വദേശി പിടുക്കാട്ടില്‍ സനീഷിനും കടിയേറ്റു. വീട്ടുപറമ്പില്‍ പുല്ലു പറിക്കുന്നതിനിടയിലാണ് പ്രസീതയുടെ കൈയില്‍ കടിയേറ്റത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സനീഷിന് താണിശേരിയില്‍ നിന്ന് ജോലിക്കാവശ്യമായ സാധനങ്ങള്‍ വാടകയ്‌ക്കെടുത്ത് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം കൂത്താട്ടുകുളം തിരുമാറാടി ഒലിയപ്പുറത്ത് ചക്ക തലയില്‍ വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. വീട്ടുമുറ്റത്തെ പ്‌ളാവിനു സമീപമാണ് പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചക്ക എടുക്കാന്‍ എത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്.
കാലവര്‍ഷത്തിന് മുന്നോടിയായും അല്ലാതെയുമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ പാമ്പുകള്‍ പുറത്തിറങ്ങാന്‍ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പാലിക്കേണ്ട ചില പ്രധാന മുന്‍കരുതലുകള്‍ താഴെ പറയുന്നു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
വീടിന് ചുറ്റുമുള്ള പുല്ലും കാടും വെട്ടിത്തെളിക്കുക. പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ സാഹചര്യം ഒരുക്കുന്ന വിറക് കൂനകള്‍, കല്ലുകള്‍, പഴയ സാധനങ്ങള്‍ എന്നിവ വീടിനോട് ചേര്‍ന്ന് സൂക്ഷിക്കരുത്. എലികള്‍ വരാതിരിക്കാന്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടുപരിസരത്ത് അലക്ഷ്യമായി ഇടരുത്. എലികളെ പിടിക്കാനാണ് പാമ്പുകള്‍ പ്രധാനമായും ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
നടത്തത്തിലും ജോലിയിലും ശ്രദ്ധിക്കുക
രാത്രി പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് ഉപയോഗിക്കുക. വീടിന് പുറത്തിറങ്ങുമ്പോള്‍ ചെരുപ്പോ ഷൂവോ ധരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് പറമ്പുകളിലും ഇടവഴികളിലും നടക്കുമ്പോള്‍. പറമ്പുകളില്‍ പണിയെടുക്കുമ്പോഴോ വിറക് എടുക്കുമ്പോഴോ കൈകള്‍ നേരിട്ട് ഇടുന്നതിന് പകരം ഒരു വടി ഉപയോഗിച്ച് പരിശോധിക്കുന്നത് നല്ലതാണ്.
പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ടത്
പരിഭ്രമിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുകയും വിഷം വേഗത്തില്‍ പടരാന്‍ കാരണമാവുകയും ചെയ്യും. കടിയേറ്റ ഭാഗം അധികം അനക്കാതെ വെക്കുക. മന്ത്രവാദത്തിനോ നാട്ടുവൈദ്യത്തിനോ പിന്നാലെ പോകാതെ എത്രയും വേഗം ആന്റി വെനം ലഭ്യമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലോ മറ്റ് പ്രധാന ആശുപത്രികളിലോ എത്തിക്കുക.
കുട്ടികള്‍ കളിക്കുന്ന ഇടങ്ങളിലും വിറക് പുരകളിലും അധ്യാപകരും വിദ്യാര്‍ത്ഥികളും സഞ്ചരിക്കുന്ന വഴികളിലുമെല്ലാം പാമ്പിന്റെ സാന്നിധ്യം ഉള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കടിയേറ്റതിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ഉടന്‍ വൈദ്യസഹായം തേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.