നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; തലസ്ഥാനത്തടക്കം വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; തലസ്ഥാനത്തടക്കം വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും സംഘര്‍ഷം. വാഹനങ്ങള്‍ തടയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന നഗരത്തിലടക്കം ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.

തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സമരാനുകൂലികള്‍ ബസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നെടുമങ്ങാടും വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകേണ്ടിയിരുന്ന ഒരു സ്ത്രീയെ പൊലീസ് ബസില്‍ നിന്ന് ഇറക്കി സ്വന്തം ജീപ്പില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. കണ്ണൂര്‍ പഴയങ്ങാടിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസുകളടക്കം പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നതിനാല്‍ പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.