കേരളത്തില്‍ വൈകുന്നേരം ആറിനും 12 നുമിടയില്‍ അര മണിക്കൂര്‍ ലോഡ് ഷെഡിങ്

കേരളത്തില്‍ വൈകുന്നേരം ആറിനും 12 നുമിടയില്‍ അര മണിക്കൂര്‍ ലോഡ് ഷെഡിങ്

തിരുവനന്തപുരം: കനത്ത ചൂടില്‍ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതോടെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വൈകുന്നേരം ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെയുള്ള സമയത്താണ് അര മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഈ സമയം വാഹന ചാര്‍ജിങ്, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയുടെ ഉപയോഗം പാടില്ലെന്നും നിര്‍ദേശമുണ്ട്. അത്യാവശ്യത്തിന് മാത്രം എസി ഉപയോഗിക്കണം. സംസ്ഥാനത്ത് അനിയന്ത്രിതമായ അളവില്‍ വൈദ്യുത ഉപയോഗം കൂടിയതോടെയാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി നിര്‍ബന്ധിതരായത്. 115 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപയോഗം.

വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ധനയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഉന്നതതല യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളര്‍ച്ചാ നിരക്കനുസരിച്ച് പ്രതിവര്‍ഷം ഉണ്ടാകുന്ന ശരാശരി വര്‍ധനവിനെക്കാള്‍ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.

വൈകുന്നേരം ആറിന് ശേഷമുള്ള വാഹനങ്ങളുടെ ചാര്‍ജിങ്, എസി ഉപയോഗം, ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് ജനങ്ങള്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ അധികമായി ഉപയോഗിക്കുന്നത് എന്നിവ വൈദ്യുതിയുടെ ഉപയോഗം കൂട്ടി എന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

പീക്ക് ലോഡ് മാനേജ്‌മെന്റ് നടപടി അഥവാ ലോഡ് റെസ്ട്രിക്ഷന്‍ എന്ന പേരില്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി രണ്ട് വരെയുള്ള സമയങ്ങളില്‍ 10 മുതല്‍ 30 മിനിട്ടുവരെ വൈദ്യുതി ഇപ്പോള്‍ കട്ട് ചെയ്യുന്നുണ്ട്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ഇത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.