അബൂജ: നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഗുയാകു ഗ്രാമത്തില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ജനക്കൂട്ടത്തിന് നേരെ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയോടെ ഗ്രാമത്തിലെത്തിയ ഭീകരര്‍ വീടുകള്‍ക്കും പൊതുമുതല്‍ തീയിട്ട് നശിപ്പിക്കുകയും പരക്കെ അക്രമം അഴിച്ചുവിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ ആണ് ആക്രമണത്തിന് പിന്നിലെന്ന് ടെലിഗ്രാം വഴി പുറത്തുവിട്ട പ്രസ്താവനയില്‍ സംഘടന അറിയിച്ചു.
ആക്രമണം നടന്ന ദിവസം തന്നെ കോഗി സംസ്ഥാനത്തെ ഒരു അനാഥാലയത്തില്‍ നിന്ന് 23 വിദ്യാര്‍ത്ഥികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. ഇത് പ്രദേശത്ത് വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്. നൈജീരിയയില്‍ കഴിഞ്ഞ മാസങ്ങളിലായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മാര്‍ച്ച് 16 ന് മെയ്ദുഗുരിയിലെ മാര്‍ക്കറ്റിലും ആശുപത്രി കവാടത്തിലും നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 23 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന ബോക്കോ ഹറാം, ഐഎസ് ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ നൈജീരിയന്‍ സൈന്യം ശ്രമിക്കുന്നുണ്ടെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഇന്നും സുരക്ഷിതമല്ല.