ചാരമായി ദേവാലയം; തളരാതെ വിശ്വാസം: ഓസ്ട്രേലിയയിൽ മരത്തണലിൽ കുർബാനയർപ്പിച്ച് ഇടവക സമൂഹം

ചാരമായി ദേവാലയം; തളരാതെ വിശ്വാസം: ഓസ്ട്രേലിയയിൽ മരത്തണലിൽ കുർബാനയർപ്പിച്ച് ഇടവക സമൂഹം

ബ്ലാക്ക്‌വാട്ടർ: സെൻട്രൽ ക്വീൻസ്‌ലൻഡിലെ ബ്ലാക്ക്‌വാട്ടറിൽ സ്ഥിതി ചെയ്യുന്ന മേരി ഇമ്മാക്കുലേറ്റ് ദേവാലയം അഗ്നിബാധയിൽ പൂർണമായും തകർന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ദശാബ്ദങ്ങളുടെ പഴക്കമുള്ള ദേവാലയം നിമിഷനേരം കൊണ്ട് ചാരമായെങ്കിലും തളരാത്ത വിശ്വാസവുമായി ചാരക്കൂമ്പാരത്തിന് മുന്നിലെ മരത്തണലിൽ വിശ്വാസികൾ ഒത്തുചേർന്നു.

പള്ളി കെട്ടിടം പൂർണമായും അഗ്നിക്കിരയായതോടെ ചൊവ്വാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന കുർബാന പള്ളിക്ക് പുറത്തുള്ള കാർ പാർക്കിങിലെ മരത്തണലിലാണ് നടന്നത്. ഇടവക വികാരി ഫാ. കിംഗ്‌സ്ലി ഇഹുവോമയുടെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷകൾ. പള്ളിക്കുള്ളിലുണ്ടായിരുന്ന തിരുവോസ്തികൾ ഉൾപ്പെടെ സകലതും തീയിൽ നശിച്ചതിനാൽ ഫാദറിന്റെ പക്കലുണ്ടായിരുന്ന ഒരേയൊരു അപ്പം ഉപയോഗിച്ചാണ് വിശ്വാസികൾ കുർബാന സ്വീകരിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെ ദേവാലയത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. നാല് മണിയോടെ തീ പൂർണമായും അണച്ചെങ്കിലും കെട്ടിടം നിലംപൊത്തിയിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലാത്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലം സന്ദർശിച്ചു.

"നമ്മുടെ പ്രിയപ്പെട്ട ദേവാലയം കൺമുന്നിൽ കത്തിയമരുന്നത് കാണുമ്പോൾ ഹൃദയം തകരുന്നു. എങ്കിലും കെട്ടിടം തകർന്നെന്ന് കരുതി സഭ ഇല്ലാതാകുന്നില്ല. ഓരോ വിശ്വാസിയിലുമാണ് സഭ ജീവിക്കുന്നത്," എന്ന് പള്ളി അധികൃതർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

റോക്ക്‌ഹാംപ്ടൺ ബിഷപ്പ് മൈക്കൽ മക്കാർത്തി ബുധനാഴ്ച വൈകുന്നേരം സ്ഥലത്തെത്തി വിശ്വാസികളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പള്ളി പുനർനിർമ്മിക്കുന്നത് വരെ ഇടവക സെന്ററിലാകും കുർബാന ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുക. സഭയുടെ പൂർണ പിന്തുണയും ബിഷപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.