ഡ്രസിങ് റൂമില്‍ ഇ-സിഗരറ്റ് ഉപയോഗിച്ചു; രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന് കനത്ത പിഴ

ഡ്രസിങ് റൂമില്‍ ഇ-സിഗരറ്റ് ഉപയോഗിച്ചു; രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന് കനത്ത പിഴ

ചണ്ഡീഗഡ്: ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന് ബിസിസിഐ കനത്ത പിഴ ചുമത്തി. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയതായി ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

കളിക്ക് കളങ്കം വരുത്തുന്ന പെരുമാറ്റം റിയാന്‍ പരാഗിന്റെ ഭാഗത്തു നിന്നുണ്ടായി. റിയാന്‍ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി അമിത് ശര്‍മ ഏര്‍പ്പെടുത്തിയ ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ പ്രശസ്തി നിലനിര്‍ത്തുന്നതിനായി തെറ്റ് ചെയ്ത ടീമിനും ഒഫീഷ്യലുകള്‍ക്കും കളിക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങളും ആരായുന്നുണ്ടന്നും ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച മുല്ലന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിങ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന്റെ പതിനാറാം ഓവറില്‍ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസിങ്് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് പതിഞ്ഞത്. ഇ-സിഗരറ്റ് നിര്‍മിക്കാനോ, ഉപയോഗിക്കാനോ വില്‍പ്പന നടത്താനോ ഇറക്കുമതി/കയറ്റുമതി ചെയ്യാനോ ഇന്ത്യയില്‍ അനുമതിയില്ല. സ്റ്റേഡിയത്തിന്റെ പരിസരത്തും ഡ്രസിങ് റൂമിലും പുകവലി പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

16 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത പരാഗ് കളിയുടെ നിര്‍ണായക സമയത്തായിരുന്നു പുറത്തായത്. തുടര്‍ന്ന് ഡ്രസിങ് റൂമിലെത്തിയ ശേഷം സഹതാരങ്ങളായ ദ്രുവ് ജുറേലും യശ്വസി ജയ്‌സ്വാളും അടുത്തിരിക്കുമ്പോഴാണ് പരാഗ് പുകവലിച്ചത്. ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.