അബുദാബി: ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയില്‍ നിന്ന് പിന്‍മാറാനുള്ള യു.എ.ഇയുടെ തീരുമാനം പൂര്‍ണമായും നയപരമെന്ന് വ്യക്തമാക്കി ഊര്‍ജ വികസന മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും തീരുമാനമെടുക്കുന്നതിന് മുന്‍പ് മറ്റൊരു രാജ്യവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു.
ഉല്‍പാദന നിലവാരവുമായി ബന്ധപ്പെട്ട നയങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചതിന് ശേഷമാണ് നടപടിയെന്നും അല്‍ മസ്റൂയി പറഞ്ഞു.ംഎണ്ണ ഉല്‍പാദനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളതും സുരക്ഷിതവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങള്‍ നിലകൊള്ളുമെന്നും സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി പറഞ്ഞു.
അതേസമയം ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളില്‍ നിന്ന് പിന്മാറാനുള്ള യുഎഇയുടെ അപ്രതീക്ഷിത പ്രഖ്യാപനം ആഗോള എണ്ണ വിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ വലിയ അസ്ഥിരതയാണ് പ്രകടമാകുന്നത്. ഇറാനെതിരെയുള്ള യുദ്ധം മൂലം ആഗോള ഊര്‍ജ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്കിടയില്‍ യുഎഇയുടെ ഈ നീക്കം ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതിദിനം 4.8 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള യുഎഇയുടെ പിന്മാറ്റം, വിപണിയിലെ വില നിയന്ത്രിക്കാനുള്ള ഒപെക്കിന്റെ കഴിവിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.