വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 993 രൂപ! തിരഞ്ഞെടുപ്പിന് പിന്നാലെ ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 993 രൂപ! തിരഞ്ഞെടുപ്പിന് പിന്നാലെ ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള 19 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സിലിണ്ടറിന് 993 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയര്‍ന്നു. അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്ന് വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമാകുന്നുണ്ടെങ്കിലും വില വര്‍ധിപ്പിച്ചത് ഹോട്ടല്‍ രംഗത്തുള്ളവര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും ആനുപാതികമായി ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. മാര്‍ച്ചില്‍ വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയിരുന്നത്. പിന്നാലെ ഏപ്രിലില്‍ 200 രൂപയും കൂട്ടിയിരുന്നു.

അതേസമയം ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. ഡീസലിന്റെ തീരുവ 23 രൂപയാക്കിയും വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയാക്കിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. പെട്രോള്‍ കയറ്റുമതി തീരുവയില്‍ മാറ്റമില്ല. പുതുക്കിയ തീരുവ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.