വാഷിങ്ടൺ : ക്രൈസ്തവ വിശ്വാസം ജീവിതത്തിന്റെ ഉറപ്പുള്ള നങ്കൂരമാണെന്ന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. അനുദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വലിയൊരു പ്രചോദനശക്തിയാണ് തന്റെ വിശ്വാസമെന്ന് രാജാവ് ഭരണാധികാരികളെ സാക്ഷിനിർത്തി പ്രഖ്യാപിച്ചു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ ജനപ്രതിനിധികളുടെയും തന്റെയും ജീവിതത്തിൽ ക്രൈസ്തവ വിശ്വാസത്തിനുള്ള പ്രാധാന്യം അദേഹം തന്റെ പ്രസംഗത്തിൽ അടിവരയിട്ടു. 1991 ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയാണ് ചാൾസ് മൂന്നാമൻ. ഏതാണ്ട് 35 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് രാജാവ് യുഎസ് കോൺഗ്രസിന് മുന്നിലെത്തുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
വിശ്വാസത്തിനൊപ്പം ആഗോളതലത്തിൽ ശ്രദ്ധിക്കേണ്ട നിർണായക വിഷയങ്ങളും ചാൾസ് തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി. ലോകം നേരിടുന്ന യുദ്ധഭീഷണികളെക്കുറിച്ചും സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദേഹം സംസാരിച്ചു. ആഗോളതാപനവും പരിസ്ഥിതി പ്രശ്നങ്ങളും നേരിടാൻ രാജ്യങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൗഹൃദ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജാവ് പരാമർശിച്ചു. ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പോലും യഥാർത്ഥ ആശ്രയം ക്രിസ്തുവാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ചാൾസ് രാജാവിന്റെ വാക്കുകളെന്ന് സമ്മേളനത്തിന് ശേഷം അമേരിക്കൻ ജനപ്രതിനിധികൾ പ്രതികരിച്ചു.