പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്; 15 ബൂത്തുകളില്‍ റീപോളിങിന് ഉത്തരവിട്ട് ഇലക്ഷന്‍ കമ്മീഷന്‍

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്; 15 ബൂത്തുകളില്‍ റീപോളിങിന് ഉത്തരവിട്ട് ഇലക്ഷന്‍ കമ്മീഷന്‍

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലുമാണ് റീ പോളിങ് നിശ്ചയിച്ചിരിക്കുന്നത്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58(2) പ്രകാരമാണ് ഏപ്രില്‍ 29-ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 29 ന് നടന്ന വോട്ടെടുപ്പാണ് അസാധുവാക്കിയത്. മെയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടര്‍മാര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താമെന്ന് കമ്മീന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാകും വോട്ടെടുപ്പ്. ഏപ്രില്‍ 29 ന് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ആ ദിവസത്തെ വോട്ടെടുപ്പ് റദ്ദാക്കിയത്.

വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഎം സ്ഥാനാര്‍ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.