ലൈഫ് ജാക്കറ്റിനുള്ളില്‍ പിഞ്ചോമനയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച അമ്മയുടെ മൃതദേഹം; ജബല്‍പൂര്‍ ബോട്ട് അപകടത്തിലെ നൊമ്പരക്കാഴ്ച

ലൈഫ് ജാക്കറ്റിനുള്ളില്‍ പിഞ്ചോമനയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച അമ്മയുടെ മൃതദേഹം; ജബല്‍പൂര്‍ ബോട്ട് അപകടത്തിലെ നൊമ്പരക്കാഴ്ച

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ബര്‍ഗി അണക്കെട്ടില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലെ കണ്ണീര്‍ കാഴ്ചയായി അമ്മയുടേയും കുഞ്ഞിന്റേയും ദൃശ്യങ്ങള്‍. ഒരു ലൈഫ് ജാക്കറ്റില്‍ മകനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നിലയിലാണ് ബോട്ടപകടത്തില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്.

ഡല്‍ഹിയില്‍ നിന്നുള്ള മറീന മെന്‍സി, മകന്‍ നാല് വയസുകാരനായ തുഷാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വെളളിയാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വെള്ളിയാഴ്ചയാണ് ഹൃദയഭേദകമായ ചിത്രം പുറത്ത് വന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഏകദേശം 29 യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ട് ശക്തമായ കാറ്റിലും മഴയിലും പെട്ട് ജലസംഭരണിയില്‍ മറിഞ്ഞത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും കനത്ത കാറ്റും ജലാശയത്തില്‍ വലിയ തിരമാലകള്‍ സൃഷ്ടിച്ചതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് സംസ്ഥാന ദുരന്തനിവാരണ സേന അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മകനെ കൈകളില്‍ മുറുക്കിപ്പിടിച്ച് അവസാന നിമിഷം വരെ മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയുടെ ചിത്രം അപകടത്തിന്റെ തീവ്രത വെളിവാക്കുന്നു. അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 23 പേരെ സുരക്ഷിതമായി കരയ്ക്കെത്തിക്കാന്‍ സാധിച്ചു.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ലൈഫ് ജാക്കറ്റുകള്‍ നല്‍കാന്‍ വൈകിയെന്നും രക്ഷപ്പെട്ട ചില യാത്രക്കാര്‍ ആരോപിച്ചു. കാറ്റ് ശക്തമായപ്പോള്‍ ബോട്ട് കരയിലേക്ക് അടുപ്പിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അത് ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.

സംഭവം സ്ഥലത്ത് ക്യാബിനറ്റ് മന്ത്രി രാകേഷ് സിങ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.