ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വിലകളില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യപടിയെന്നോണം മെയ് ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
എണ്ണക്കമ്പനികള്‍ മെയ് ഒന്ന് മുതല്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് വര്‍ധിപ്പിച്ചത്. 3,071.50 രൂപയാണ് ഡല്‍ഹിയിലെ പുതിയ നിരക്ക്. കൊല്‍ക്കത്തയില്‍ 3,202 രൂപയുമാണ്. ഇവിടെയാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയത് 994 രൂപ. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെ ഈ വിലക്കയറ്റം സാരമായി ബാധിക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് മൊത്തം 1,380 രൂപയാണ് വര്‍ധിച്ചത്.
അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള (14.2 കിലോ) സിലിണ്ടറുകളുടെയും പെട്രോള്‍, ഡീസല്‍ എന്നിവയുടെയും വിലയില്‍ നിലവില്‍ മാറ്റമില്ല. എങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളര്‍ വരെ ഉയര്‍ന്ന സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിച്ചേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഊര്‍ജ വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ 20 ശതമാനത്തോളം എണ്ണ നീക്കം നടക്കുന്ന ഈ പാതയിലെ തടസങ്ങള്‍ ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണമായി. ആഗോള വിപണിയിലെ വിലക്കയറ്റം കാരണം എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ വാദം.