മാപുട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ വീണ്ടും ഭീകരരുടെ താണ്ഡവം. കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്‌ഫോർട്ട് ഇടവക ദേവാലയം ഭീകരർ തീയിട്ട് നശിപ്പിച്ചു. ഏപ്രിൽ 30ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്.
വടക്കൻ മൊസാംബിക്കിലെ മെസയിലുള്ള പള്ളിയിലേക്ക് വൈകുന്നേരം നാല് മണിയോടെയാണ് ആയുധധാരികളായ ഭീകരർ ഇരച്ചുകയറിയത്. പ്രദേശത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ ദേവാലയം പൂർണ്ണമായും അഗ്നിക്കിരയാക്കിയ ഭീകരർ സമീപത്തെ നിരവധി വീടുകളും തകർത്തു.
പള്ളി പരിസരത്ത് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ശേഷമാണ് അക്രമിസംഘം മടങ്ങിയത്. ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന കാമറൂണിയൻ മിഷനറിമാർ ആ സമയം അവിടെ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
കഴിഞ്ഞ ഒമ്പത് വർഷമായി കാബോ ഡെൽഗാഡോ പ്രവിശ്യ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുകയാണ്. പെംബ രൂപതയുടെ കീഴിലുള്ള കണക്കുകൾ ഭയാനകമാണ്. ഇതുവരെ 117 പള്ളികളും ചാപ്പലുകളും തകർക്കപ്പെട്ടു. 2025-ൽ മാത്രം 23 ആരാധനാലയങ്ങളാണ് ഭീകരർ നശിപ്പിച്ചത്. ആക്രമണങ്ങളിൽ ഇതുവരെ 300-ലധികം കത്തോലിക്കർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് വിശ്വാസികൾ ഇനിയും മോചിതരായിട്ടില്ലെന്ന് പെംബ രൂപതാ ബിഷപ് അന്റോണിയോ ജൂലിയസ് ഫെരേര സാൻഡ്രാമോ പറഞ്ഞു. "കെട്ടിടങ്ങൾ തകർക്കാൻ അവർക്ക് സാധിക്കുമായിരിക്കും എന്നാൽ ദൈവജനത്തിന്റെ വിശ്വാസത്തെ തകർക്കാൻ ഭീകരർക്ക് കഴിയില്ല," അദേഹം വ്യക്തമാക്കി.
ദുരിതബാധിതരായ ജനതയ്ക്ക് വേണ്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും ബിഷപ് അഭ്യർത്ഥിച്ചു.