സുമാത്രയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; 16 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുമാത്രയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; 16 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു. ദക്ഷിണ സുമാത്രയിലെ നോര്‍ത്ത് മുസി റവാസ് പ്രവിശ്യയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ദീര്‍ഘദൂര ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ പൂര്‍ണമായും കത്തുകയായിരുന്നു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ടാങ്കറിലുണ്ടായിരുന്ന ഡീസലിലേക്ക് തീ പടര്‍ന്നതോടെ രണ്ട് വാഹനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി മാറി. ബസിലെ 14 യാത്രക്കാരും ടാങ്കറിലുണ്ടായിരുന്ന രണ്ട് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ ഏറെ പ്രയത്‌നിച്ചാണ് അഗ്‌നിശമന സേന പുറത്തെടുത്തത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ലുബുക്ലിംഗാവുവില്‍ നിന്ന് മേദനിലേക്ക് പുറപ്പെട്ട എഎല്‍എസ് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇന്തോനേഷ്യയിലെ മോശം റോഡ് സൗകര്യങ്ങളും വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിലെ കുറവുമാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന വിമര്‍ശനം ശക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.