അബുദാബി: അമേരിക്കയും ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പ്രതിസന്ധിയിലാക്കി ഗള്‍ഫ് മേഖലയില്‍ ഇറാന്റെ മിസൈലാക്രമണം. വ്യാഴാഴ്ച രാത്രി ഇറാനില്‍ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎഇ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് യു.എസ് പടക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎഇക്ക് നേരെയും നീക്കമുണ്ടായത്.
ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങിയ മൂന്ന് അമേരിക്കന്‍ ഡിസ്‌ട്രോയറുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും തിരിച്ചടിയില്‍ ഇറാന്‍ പക്ഷത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ട്രംപ് വ്യക്തമാക്കി. തങ്ങളുടെ എണ്ണക്കപ്പലിനെ യു.എസ് ലക്ഷ്യം വെച്ചതായും സിവിലിയന്‍ മേഖലകളില്‍ വ്യോമാക്രമണം നടത്തിയതായും ഇറാനും ആരോപിച്ചു.
ആക്രമണങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നിട്ടില്ലെന്നും ഇറാനുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മിക്കില്ലെന്ന യു.എസ് നിബന്ധന അവര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഉടമ്പടിയില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാന്‍ യുദ്ധം ആഗോള തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.