വാഷിങ്ടൺ: ലോകത്തെ വിവിധ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ച് അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവരെ ഒൻപത് വലിയ യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും പത്താമതായി റഷ്യ-ഉക്രെയ്ൻ യുദ്ധം പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദേഹം വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
റഷ്യയുടെ 'വിക്ടറി ഡേ' ആഘോഷങ്ങളോടനുബന്ധിച്ച് മേയ് ഒമ്പത് മുതൽ 11 വരെ ഇരുരാജ്യങ്ങളും താൽക്കാലികമായി യുദ്ധം നിർത്തിവെക്കാൻ ധാരണയായതായി ട്രംപ് അറിയിച്ചു. ഈ കാലയളവിൽ 1,000 തടവുകാരെ വീതം പരസ്പരം കൈമാറാനും തീരുമാനമായിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി എന്നിവരുമായി താൻ നേരിട്ട് നടത്തിയ ചർച്ചയുടെ ഫലമാണിതെന്ന് അദേഹം അവകാശപ്പെട്ടു. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ചുവടുവെപ്പാണിതെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇസ്രയേൽ-ലെബനൻ, ഇസ്രയേൽ-ഹമാസ്, ഇസ്രയേൽ-ഇറാൻ തർക്കങ്ങൾ പരിഹരിച്ചതിനൊപ്പം ഇന്ത്യ-പാകിസ്ഥാൻ കശ്മീർ പ്രശ്നത്തിലും താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് പറഞ്ഞു. എന്നാൽ കശ്മീർ വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയും ട്രംപിന്റെ അവകാശവാദങ്ങൾ പലതവണ തള്ളുകയും ചെയ്തിട്ടുള്ളതാണ്.