പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സാമ്പത്തിക അച്ചടക്കത്തിന് പുതിയ നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവില്‍ ആവശ്യമാണെന്ന് അദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ളതാണ് പുതിയ നിര്‍ദേശം.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗത്തില്‍ പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തണം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മെട്രോ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം. കാര്‍പൂളിങ് പോലുള്ള സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദേഹം പറഞ്ഞു. കൂടാതെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ മാറ്റിവയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തില്‍ പത്ത് ശതമാനം കുറവ് വരുത്തണം. രാജ്യം ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണം. കൂടാതെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്നും മോഡി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം കുടുംബങ്ങളിലെ ചടങ്ങുകള്‍ക്ക് സ്വര്‍ണം വാങ്ങാതെ ജനങ്ങള്‍ സഹകരിക്കണം എന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാന്‍ കാരണമാകും. ഇതുകൊണ്ടാണ് സ്വര്‍ണം വാങ്ങലിലും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നതെന്ന് മോഡി വ്യക്തമാക്കി.