കേരളത്തില്‍ മഴ കനക്കുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ മഴ കനക്കുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഈ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപമാണ് നിലവില്‍ ന്യൂനമര്‍ദ്ദം നിലകൊള്ളുന്നത്. ഇത് വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും. ഇതിന് പുറമെ ലക്ഷദ്വീപിനും തെക്കുകിഴക്കന്‍ അറബിക്കടലിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും കേരളത്തിലെ മഴ സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ സജീവമായ രണ്ട് ന്യൂനമര്‍ദ പാത്തികളും മഴയുടെ തീവ്രത കൂട്ടാന്‍ കാരണമാകുന്നുണ്ട്.

മെയ് 14, 15 തീയതികളില്‍ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, മെയ് 15ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. ഇടിമിന്നല്‍ സമയത്ത് ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. വരും ദിവസങ്ങളിലും മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.