ഇന്ധനവില വര്‍ധന: വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി എയര്‍ ഇന്ത്യ; പ്രവാസികള്‍ക്ക് തിരിച്ചടി

ഇന്ധനവില വര്‍ധന: വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി എയര്‍ ഇന്ത്യ; പ്രവാസികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വിമാന ഇന്ധനവില വന്‍ തോതില്‍ വര്‍ധിച്ചതോടെ എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഇന്ധനവില ഉയരുകയും വ്യോമാതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിരവധി അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും ചിലത് നിര്‍ത്തി വയ്ക്കാനുമാണ് തീരുമാനം. പ്രതിദിനം നൂറോളം സര്‍വീസുകള്‍ക്കാണ് നിയന്ത്രണം വരുന്നത്. ഇന്ധന പ്രതിസന്ധി കാരണം കമ്പനി കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോ, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ഷാങ്ഹായ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ പൂര്‍ണമായും നിര്‍ത്തിവച്ചതായാണ് വിവരം. സാന്‍ഫ്രാന്‍സിസ്‌കോ, പാരീസ്, ടൊറന്റോ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ കുറച്ചിട്ടുണ്ട്.

കുറഞ്ഞ ചെലവില്‍ നാട്ടില്‍ എത്താന്‍ കഴിയുന്ന തരത്തിലുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനം എടുത്തതോടെ ആശങ്കയിലാണ് പ്രവാസികള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വിമാന ഇന്ധനവിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരിയില്‍ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മെയ് എട്ട് ആയപ്പോഴേക്കും 162.89 ഡോളറായി ഉയര്‍ന്നു. പ്രവര്‍ത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പല സര്‍വീസുകളും റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് രംഗത്തെത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.