വാഷിങ്ടൺ : അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നു. ജൂൺ 11 ന് നടക്കുന്ന ഈ ചരിത്രപരമായ ചടങ്ങ് യേശുവിന്റെ രാജത്വം അംഗീകരിക്കുന്നതിന്റെ വലിയ അടയാളമാണെന്ന് പോർട്ട്‌ലാൻഡ് ആർച്ച് ബിഷപ് അലക്‌സാണ്ടർ സാംപിൾ പ്രസ്താവിച്ചു. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ തിരുവെഴുത്തുകളെ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ച് ബിഷപ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്.
രാജ്യത്തിന്റെ നാനാതുറകളിലും സുവിശേഷ ചൈതന്യം എത്തിക്കുക എന്നതാണ് ഈ പ്രതിഷ്ഠയുടെ പ്രധാന ലക്ഷ്യം. "സത്യം, നീതി, ഉപവി എന്നിവ അമേരിക്കൻ ജീവിതശൈലിയുടെ ഭാഗമാകണം. ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും ആത്മീയമായി നവീകരിക്കപ്പെടാനും തിരുഹൃദയത്തോടുള്ള ഭക്തി സഹായിക്കും," ആർച്ച് ബിഷപ് സാംപിൾ തന്റെ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
2025 നവംബറിൽ ബാൾട്ടിമോറിൽ ചേർന്ന യുഎസ് മെത്രാൻ സമിതിയുടെ വാർഷിക സമ്മേളനത്തിലാണ് രാജ്യത്തെ തിരുഹൃദയത്തിന് സമർപ്പിക്കാനുള്ള നിർണായക തീരുമാനമെടുത്തത്. ജൂൺ 11 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
ഇടവക തലത്തിൽ നടത്തുന്ന പ്രതിഷ്ഠാ കർമ്മങ്ങൾക്കായി പ്രത്യേക പ്രാർത്ഥനകൾ മെത്രാൻ സമിതി തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ലഭ്യമാക്കിയിട്ടുള്ള ഈ പ്രാർത്ഥനാ ക്രമങ്ങൾ വിശ്വാസികൾക്ക് ആത്മീയമായി ഒരുങ്ങാൻ സഹായകമാകുമെന്ന് സഭാ നേതൃത്വം അറിയിച്ചു. അമേരിക്കൻ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ആത്മീയ ഉണർവിന്റെ വലിയൊരു വേദി കൂടിയായിരിക്കും ഈ ചരിത്ര മുഹൂർത്തം.