കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കണ്ണൂര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പ്രവര്‍ത്തന ശൈലി ജനങ്ങള്‍ക്ക് ദഹിച്ചില്ലെന്നും നേതൃത്വം സ്വയം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും സിപിഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നു. ഭരണം പോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തിട്ടില്ലെന്നും ഒരുപക്ഷം ആരോപിച്ചു. കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പിലും പാര്‍ട്ടി നേരിട്ട അപ്രതീക്ഷിത പരാജയം അണികളുടെ ഈ തിരുത്തല്‍ നയത്തിന് ഉദാഹരണമാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി നടത്തിയ പല പ്രസ്താവനകളും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായതായും നേതാക്കള്‍ കുറ്റപ്പെടുത്തി.
കണ്ണൂരിലെ പ്രാദേശിക സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകള്‍ക്കെതിരെയും യോഗത്തില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നു. പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥിയായ വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടി നേതൃത്വം വളരെ ചെറുതായി കണ്ടു. മണ്ഡലങ്ങളിലുണ്ടായ ശക്തമായ അടിയൊഴുക്കുകള്‍ കണ്ടെത്താന്‍ ജില്ലാ നേതൃത്വത്തിന് സാധിച്ചില്ല. പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. പാര്‍ട്ടി അണികളുടെ വികാരം മനസിലാക്കുന്നതില്‍ നേതൃത്വം പൂര്‍ണമായി പരാജയപ്പെട്ടു. സമാനമായ രീതിയില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഉയര്‍ന്നത്.