സിബിഎസ്ഇ പ്ലസ്ടു വിജയ ശതമാനത്തില്‍ ഇടിവ്: മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സിസ്റ്റമെന്ന് പരാതി

സിബിഎസ്ഇ പ്ലസ്ടു വിജയ ശതമാനത്തില്‍ ഇടിവ്: മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സിസ്റ്റമെന്ന് പരാതി

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു വിജയ ശതമാനം കുറയാന്‍ കാരണം ഈ വര്‍ഷം തിടുക്കപ്പെട്ട് നടപ്പാക്കിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സിസ്റ്റമാണെന്ന് പരക്കേ ആക്ഷേപം.

കഴിഞ്ഞ ദിവസമാണ് പരീക്ഷാ ഫലം പുറത്തുവന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനം കുറവായിരുന്നു. നന്നായി പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ലെന്ന് പല വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു. പറയുന്നുണ്ട്. ഇത്തവണ തിടുക്കപ്പെട്ട് നടപ്പാക്കിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സിസ്റ്റത്തെയാണ് ഇവരെല്ലാം കുറ്റപ്പെടുത്തുന്നത്.

മൂല്യനിര്‍ണയത്തിലെ പിശകുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന രീതിയാണ് ഇതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തവണ തിടുക്കപ്പെട്ട് ഡിജിറ്റല്‍ മൂല്യനിര്‍ണയം നടപ്പാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും ആരോപിക്കുന്നത്.

മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ഉത്തരക്കടലാസുകള്‍ നേരിട്ട് നോക്കുന്നതിന് പകരം അവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി മാര്‍ക്കിടുന്ന രീതിയായ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സിസ്റ്റം ഇത്തവണ നടപ്പാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് കഴിഞ്ഞ 17 വര്‍ഷമായി സിബിഎസ്ഇ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകനായ സഞ്ജീവ് ഝാ പറഞ്ഞു.

മൂല്യനിര്‍ണയം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് മാത്രമാണ് അധ്യാപകരെ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് രീതിയെക്കുറിച്ച് അറിയിച്ചതെന്നും ഇത്രയും വലിയൊരു സംവിധാനം തിടുക്കത്തില്‍ നടപ്പിലാക്കാന്‍ പാടില്ലായിരുന്നു എന്നും അദേഹം അഭിപ്രായപ്പെട്ടു. ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്യുന്നതിനിടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളും മൂല്യനിര്‍ണയത്തെ ബാധിച്ചിരിക്കാമെന്നും ഝാ പറഞ്ഞു.

'ചില സന്ദര്‍ഭങ്ങളില്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ അവ്യക്തമോ വായിക്കാന്‍ ബുദ്ധിമുട്ടുള്ളതോ ആയിരുന്നു. ഇതുമൂലം കോമ, ഫുള്‍ സ്‌റ്റോപ്പുകള്‍ തുടങ്ങിയ ചിഹ്നങ്ങള്‍ ശരിയായി തിരിച്ചറിയാന്‍ കഴിയാതെ വന്നിരുന്നു. ചില ഉത്തരക്കടലാസുകളിലെ വരികള്‍ പലതും വ്യക്തമാകാതിരുന്നു. എഴുതാന്‍ ഉപയോഗിച്ച മഷിയുടെ പ്രത്യേകത കൊണ്ടാവാം ഇങ്ങനെ വന്നത്.

ഉത്തരങ്ങള്‍ വ്യക്തമായി വായിച്ചെടുക്കാന്‍ മൂല്യനിര്‍ണയം നടത്തിയവര്‍ക്ക് ഇതുമൂലം കഴിഞ്ഞിട്ടുണ്ടാവില്ല. പുതിയ മൂല്യനിര്‍ണയത്തെക്കുറിച്ചോ, എങ്ങനെയാണ് പരീക്ഷ എഴുതേണ്ടതെന്നോ വിദ്യാര്‍ഥികള്‍ക്ക് ഒരുതരത്തിലുള്ള പരിശീലനവും നല്‍കിയിരുന്നില്ല. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദേഹം വ്യക്തമാക്കി.

വേണ്ടത്ര കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്ത അധ്യാപകര്‍ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് നടത്തിയതും മാര്‍ക്ക് കുറയുന്നതിന് കാരണമായിട്ടുണ്ടാകാമെന്ന് ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. സ്‌കാന്‍ ചെയ്യുമ്പോള്‍ വ്യക്തമാകുന്ന തരത്തില്‍ എങ്ങനെ ഉത്തരമെഴുതാം എന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു തരത്തിലുള്ള പരിശീലനവും നല്‍കിയിരുന്നില്ല. ഈ വര്‍ഷം പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരമൊരു പരീശീലനം നല്‍കാന്‍ സിബിഎസ്ഇ തയ്യാറാകുന്നത് നന്നായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.