ടീം സതീശന്‍: കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍; തിരുവഞ്ചൂര്‍ സ്പീക്കര്‍, ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

ടീം സതീശന്‍: കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍; തിരുവഞ്ചൂര്‍ സ്പീക്കര്‍, ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പതിനൊന്ന് മന്ത്രിമാരും ഘടക കക്ഷികളില്‍ നിന്നുള്ള ഒമ്പത് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ നിര.

ഏറെ നാളുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാര്‍ ഒരുമിച്ച് വരുന്നത് എന്ന സവിശേഷതയും ഈ പട്ടികയ്ക്കുണ്ട്. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കര്‍.

നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത നിയമ സഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് എത്തുന്നതെന്ന ചരിത്രപരമായ നേട്ടവും ഇതോടെ യാഥാര്‍ത്ഥ്യമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, ടി. സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്നത്.

ഘടക കക്ഷികളില്‍ നിന്ന് സി.പി. ജോണ്‍ (സിഎംപി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് - ജേക്കബ്), ഷിബു ബേബി ജോണ്‍ (ആര്‍.എസ്.പി) എന്നിവരും മന്ത്രിമാരാകും.

മുസ്ലിം ലീഗിന്റെ മന്ത്രിമാരെ നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളതെന്നും വ്യക്തിയെ ആ പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിലെ അപു ജോസഫിന് നല്‍കുമെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്‍എ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും.

സാമൂഹികവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും കൃത്യമായി കണക്കിലെടുത്താണ് കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്കായി അധ്വാനിച്ച, മന്ത്രിസ്ഥാനത്തിന് പൂര്‍ണമായും അര്‍ഹരായ ഒരുപാട് പേരെ പലവിധ പരിമിതികള്‍ കാരണം ഇത്തവണ പരിഗണിക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ തനിക്ക് വലിയ ദുഖമുണ്ട്.

എഐസിസി നേതൃത്വത്തിന്റെ പൂര്‍ണമായ അനുവാദത്തോടെയാണ് ഈ അന്തിമ പട്ടിക തയ്യാറാക്കിയത്. 'മുഖ്യമന്ത്രിയെക്കാള്‍ വലിയ ശ്രീനാരായണീയന്‍ ആരാണുള്ളത്' എന്ന ചോദ്യത്തോടെയാണ് സമുദായ സമവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദേഹം മറുപടി നല്‍കിയത്.

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് മുന്നണിയില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. പതിവുപോലെ തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വകുപ്പുകള്‍ അടങ്ങിയ കൃത്യമായ ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറും. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തു വരുമ്പോള്‍ 'അടുത്ത വിസ്മയം' പ്രതീക്ഷിക്കാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.