തിരുവനന്തപുരം: ഒരു ദശാബ്ദക്കാലത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുന്നു. 102 സീറ്റുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
മഴയുടെ ഭീഷണിയുണ്ടെങ്കിലും അതിനെയെല്ലാം കാറ്റില്‍പ്പറത്തുന്ന ആവേശത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. സെക്രട്ടേറിയറ്റും പരിസരവും തൂവെള്ള വസ്ത്രധാരികളായ പ്രവര്‍ത്തകരെക്കൊണ്ട് ഇതിനകം തന്നെ നിറഞ്ഞു കവിഞ്ഞു. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരത്തിലെ ഹോട്ടലുകളില്‍ മുറികള്‍ വാടകയ്ക്കെടുത്ത് താമസം ഉറപ്പിച്ചിരിക്കുകയാണ്.
നിലവില്‍ നഗരത്തിലെ ഒരു ഹോട്ടലുകളിലും മുറികള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടതോടെ ചായക്കടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെയുള്ള നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലും വന്‍ ബിസിനസാണ് നടക്കുന്നത്. പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള ചര്‍ച്ചകളും തത്സമയ വാര്‍ത്താ അവലോകനങ്ങളും കൊണ്ട് നഗരവീഥികളും സജീവമാണ്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ഞായറാഴ്ച രാത്രി ഏഴോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരിട്ടെത്തി സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. മഴ പെയ്താല്‍ പോലും യാതൊരു ബുദ്ധിമുട്ടും കൂടാതെ കൂടുതല്‍ പേര്‍ക്ക് ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകരുടെ ഒഴുക്ക് കണക്കിലെടുത്ത് നിലവില്‍ 15,000 പേര്‍ക്ക് ഇരുന്ന് കാണാന്‍ തക്കവണ്ണം സ്റ്റേഡിയത്തിനുള്ളിലെ സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ആകെ പ്രവേശിക്കാവുന്നവരുടെ എണ്ണം 25,000 മായി ഉയര്‍ത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചടങ്ങുകള്‍ നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍ക്കായി നഗരത്തിലെ ഏഴ് പ്രമുഖ കേന്ദ്രങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.
കെപിസിസി ഓഫീസ് (ഇന്ദിരാ ഭവന്‍), നിശാഗന്ധി, കിഴക്കേക്കോട്ട, സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്തെ സ്ഥലം തുടങ്ങിയ ഇടങ്ങളിലാണ് സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
രാവിലെ ഏഴ് മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. ഒന്‍പത് വരെയാണ് പ്രവേശന സമയം അനുവദിച്ചിരുന്നത്. നാല് ഗേറ്റുകളിലൂടെയാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്.
ഗേറ്റ് 1 (സെക്രട്ടേറിയറ്റ് അനക്‌സ് മന്ദിരത്തിന് എതിര്‍വശം): വിവിഐപികള്‍ക്കും വിഐപികള്‍ക്കും മാത്രം.
മറ്റ് മൂന്ന് ഗേറ്റുകള്‍ (പ്രസ് ക്ലബ് പരിസരം): പൊതുജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി.
തലസ്ഥാനത്ത് കര്‍ശന ഗതാഗത നിയന്ത്രണം
ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാല്‍ നഗരത്തില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെ കര്‍ശന ഗതാഗത-പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് അറിയിച്ചു.
പാര്‍ക്കിങ് നിരോധിച്ച പ്രധാന റോഡുകള്‍:
ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് - ഓള്‍സെയിന്റ്‌സ് - ചാക്ക - പേട്ട - പാറ്റൂര്‍ റോഡ്
ജനറല്‍ ഹോസ്പിറ്റല്‍ - ആശാന്‍ സ്‌ക്വയര്‍ - അണ്ടര്‍പാസേജ് - ആര്‍.ബി.ഐ. റോഡ്
ബേക്കറി ജങ്ഷന്‍ - വാന്‍ റോസ് - ജേക്കബ്‌സ് ജങ്ഷന്‍ - സെക്രട്ടേറിയറ്റ് റോഡിന്റെ ഇരുവശങ്ങളും
ഗതാഗത നിയന്ത്രണമുള്ള മറ്റ് മേഖലകള്‍:
ശംഖുംമുഖം, വലിയതുറ, പൊന്നറ, കല്ലുംമൂട്, ഈഞ്ചയ്ക്കല്‍, അനന്തപുരി ആശുപത്രി പരിസരം, മിത്രാനന്ദപുരം, എസ്.പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ് മേല്‍പ്പാലം, ചൂരക്കാട്ടുപാളയം, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, തൈക്കാട്, വിമെന്‍സ് കോളജ് ജങ്ഷന്‍, ബേക്കറി ജങ്ഷന്‍, വഴുതയ്ക്കാട്, വെള്ളയമ്പലം-രാജ്ഭവന്‍ റോഡ് തുടങ്ങിയ പ്രധാന പാതകളിലെല്ലാം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.