ലണ്ടൻ: ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെയും രാജ്യത്തെ ക്രിസ്തീയ മൂല്യങ്ങളുടെ തകർച്ചയ്ക്കെതിരെയും ലണ്ടൻ നഗരത്തെ നിശ്ചലമാക്കി പതിനായിരങ്ങൾ പങ്കെടുത്ത വൻ പ്രതിഷേധ മാർച്ച്. തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും അടുത്തിടെ ക്രിസ്തു മതം സ്വീകരിക്കുകയും ചെയ്ത ടോമി റോബിൻസന്റെ നേതൃത്വത്തിൽ 'യുണൈറ്റ് ദി കിങ്ഡം' എന്ന പേരിൽ സംഘടിപ്പിച്ച റാലിയിലാണ് ജനക്കൂട്ടം ഇരമ്പിയെത്തിയത്.
"ഞങ്ങൾക്ക് സ്റ്റാർമറെ (ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ) പുറത്താക്കണം" എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ ലണ്ടൻ തെരുവുകൾ കീഴടക്കിയത്. വെള്ളക്കാരായ സാധാരണക്കാരായ ബ്രിട്ടീഷുകാർ സ്വന്തം നാട്ടിൽ പാർശ്വവൽക്കരിക്കപ്പെടുകയാണെന്നും പരമ്പരാഗത ക്രിസ്തീയ മൂല്യങ്ങൾ തകർക്കപ്പെടുകയാണെന്നും റാലിയിൽ പങ്കെടുത്തവർ ആരോപിച്ചു.
കോടതിലക്ഷ്യക്കേസിൽ 2025 ൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ടോമി റോബിൻസൺ ക്രിസ്തു മതത്തിലേക്ക് മാറിയത്. ഇതിനു ശേഷമുള്ള അദേഹത്തിന്റെ റാലികളിൽ ക്രിസ്തീയ പ്രതീകങ്ങൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. റാലിക്ക് മുന്നോടിയായി റോബിൻസൺ 'കർത്താവിന്റെ പ്രാർത്ഥന' സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു.
തോളിൽ വലിയ തടികൊണ്ടുള്ള കുരിശുമേന്തിയാണ് പലരും റാലിയിൽ പങ്കെടുത്തത്. ബ്രിട്ടന്റെ തനത് സംസ്കാരവും അഭിവൃദ്ധിയും ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും അത് സംരക്ഷിച്ചില്ലെങ്കിൽ രാജ്യം തകരുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. കുടിയേറ്റത്തിനെതിരെയുള്ള ബൈബിൾ വചനങ്ങൾ അടങ്ങിയ ലഘുലേഖകളും റാലിയിൽ വിതരണം ചെയ്യപ്പെട്ടു.
റാലിയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഇസ്ലാമിക രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും കടുത്ത നിയമങ്ങളെയും ചൂണ്ടിക്കാട്ടി ഇസ്ലാം മതത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഒരേസമയം മൂന്ന് പ്രധാന വലിയ പ്രകടനങ്ങളാണ് ലണ്ടൻ നഗരത്തിൽ നടന്നത്.
'യുണൈറ്റ് ദി കിങ്ഡം' റാലിക്ക് തൊട്ടടുത്ത് തന്നെ പലസ്തീൻ അനുകൂല പ്രകടനവും നടന്നു. ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കാൻ 4,000 ത്തിലധികം പൊലീസുകാരെയാണ് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് വിന്യസിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് റാലിയിൽ നിന്ന് പങ്കെടുത്തവരടക്കം 43 പേരെ അറസ്റ്റ് ചെയ്തു.
കൂടാതെ അമേരിക്കൻ ഇൻഫ്ലുവൻസർ വാലന്റീന ഗോമസ് ഉൾപ്പെടെയുള്ള 11 വിദേശ തീവ്രവലതുപക്ഷ നേതാക്കളെ ബ്രിട്ടനിൽ പ്രവേശിക്കുന്നതിൽ നിന്നും ഹോം ഓഫീസ് വിലക്കി.
ലണ്ടനിലെ വൻ പ്രതിഷേധങ്ങളോട് കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചത്. "നമ്മൾ ഈ രാജ്യത്തിന്റെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഈ വാരാന്ത്യത്തിൽ നടന്ന മാർച്ച് നമ്മൾ എന്തിനെതിരെയാണ് പോരാടുന്നത് എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ്. റാലിയുടെ സംഘാടകർ വെറുപ്പും വിദ്വേഷവും വിഭജനവുമാണ് വിതറുന്നത്. രാജ്യത്ത് വന്ന് വിദ്വേഷവും അക്രമവും വളർത്താൻ ശ്രമിക്കുന്ന ആരെയും യുകെയിൽ പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കില്ല."- കെയർ സ്റ്റാർമർ പറഞ്ഞു.