തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍. പ്രത്യേക സംഘം പുനരന്വേഷണം നടത്തുമെന്ന് അദേഹം പറഞ്ഞു.
നവകേരള യാത്രയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 2023 ഡിസംബര്‍ 15 ന് ആലപ്പുഴ എത്തിയപ്പോള്‍ റോഡരികില്‍ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കമുള്ളവര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.
സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി 2024 നവംബര്‍ എട്ടിന് ഉത്തരവിട്ടു. എന്നാല്‍ അന്വേഷണം നടന്നിട്ടില്ല. അതിനാല്‍ ഒരു സ്‌പെഷ്യല്‍ ടീം ഈ കേസ് അന്വേഷിക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്നു ജയിച്ച കെ.എസ്.യു നേതാവ് എ.ഡി തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അന്ന് മര്‍ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍,സുരക്ഷാ ജീവനക്കാരന്‍ സന്ദീപ് എന്നിവര്‍ കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിലാണ് വീണ്ടും പുനരന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.
കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. തെളിവായ ദൃശ്യങ്ങള്‍ നല്‍കാന്‍ ശ്രമിച്ചപ്പോഴെല്ലാം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഒഴിഞ്ഞു മാറിയെന്നായിരുന്നു ആക്ഷേപം.
മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗണ്‍മാന്‍, അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകര്‍ത്തത് പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍.
കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തില്‍ നിന്നിറങ്ങി കെ.എസ്.യുക്കാരെ തല്ലാന്‍ മുന്നില്‍ നിന്ന ഗണ്‍മാന്‍ ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണ് ഗണ്‍മാന്റെ ചുമതല.
മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയിക്കഴിഞ്ഞ് എസ്‌കോര്‍ട്ട് വാഹനത്തില്‍ നിന്ന് റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് നിയമ വിരുദ്ധമാണ്. പൊലീസുകാര്‍ സാധാരണ ഉപയോഗിക്കുന്ന ലാത്തിയെക്കാള്‍ നീളമുള്ളതും കാറിലിരുന്നു തന്നെ വീശിയടിക്കാന്‍ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗണ്‍മാന്‍ മര്‍ദനത്തിന് ഉപയോഗിച്ചത്.