ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; സാഗ്രദ ഫാമിലിയയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ ലിയോ പാപ്പ ജൂണിൽ ആശീർവദിക്കും

ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; സാഗ്രദ ഫാമിലിയയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ ലിയോ പാപ്പ ജൂണിൽ ആശീർവദിക്കും

മാഡ്രിഡ്: ലോകപ്രശസ്തമായ സ്പെയിനിലെ ബാഴ്‌സലോണയിലുള്ള ‘സാഗ്രദ ഫാമിലിയ’ ബസിലിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ ഗോപുരം ലിയോ പതിനാലാമൻ മാർപാപ്പ ഉദ്ഘാടനം ചെയ്ത് ആശീർവദിക്കും. ജൂൺ മാസത്തിൽ മാർപാപ്പ നടത്തുന്ന ചരിത്രപരമായ സ്പെയിൻ സന്ദർശനവേളയിലാണ് ലോകം കാത്തിരിക്കുന്ന ഈ അപ്പസ്തോലിക് ചടങ്ങ് നടക്കുക.

ജൂൺ ആറ് മുതൽ 11 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ മാഡ്രിഡ്, ബാഴ്‌സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിലെ വിവിധ ഔദ്യോഗിക പരിപാടികളിൽ മാർപാപ്പ പങ്കെടിക്കും. ജൂൺ ഒമ്പതിനാണ് ബാഴ്‌സലോണയിലെ ചരിത്ര പ്രസിദ്ധമായ ഈ ബസിലിക്ക ഗോപുരത്തിന്റെ ആശീർവാദ കർമ്മം.

വിശ്വാസത്തിന്റെയും കലയുടെയും അതുല്യമായ സംഗമ ഭൂമിയായ സാഗ്രദ ഫാമിലിയ ബസിലിക്ക, നിർമാണം ആരംഭിച്ച് ഒരു നൂറ്റാണ്ടിലധികമായിട്ടും ഇന്നും പൂർണ രൂപത്തിലാകാത്ത ഒരു അത്ഭുത നിർമ്മിതിയാണ്. 'ദൈവത്തിന്റെ ശില്പി' എന്നറിയപ്പെടുന്ന വിഖ്യാത ശില്പി ആന്റണി ഗൗഡിയുടെ മരണത്തിന്റെ നൂറാം വാർഷികത്തിലാണ് ഈ ഗോപുരം സമർപ്പിക്കപ്പെടുന്നത് എന്നത് ഈ ചടങ്ങിന്റെ ചരിത്രപരമായ പ്രാധാന്യം വർധിപ്പിക്കുന്നു.

1882 ൽ ആരംഭിച്ച ബസിലിക്കയുടെ നിർമ്മാണത്തിനായി തന്റെ ജീവിതത്തിന്റെ 30 വർഷക്കാലമാണ് ഗൗഡി ചെലവഴിച്ചത്. ജീവിതത്തിന്റെ അവസാനത്തെ 12 വർഷം അദേഹം ഈ പ്രൊജക്റ്റിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഗോത്തിക്ക് ശൈലിയെ സ്വന്തം ക്രിയാത്മക ആശയങ്ങളുമായി കൂട്ടിച്ചേർത്ത് സ്വർ​ഗവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ പ്രതീകമായി പിരമിഡ് രൂപത്തിലാണ് അദേഹം ഈ ദേവാലയം രൂപകൽപ്പന ചെയ്തത്. എന്നാൽ 1926 ൽ ഒരു ട്രാം അപകടത്തിൽ ഗൗഡി അകാലത്തിൽ അന്തരിച്ചതോടെ നിർമ്മാണം പ്രതിസന്ധിയിലാവുകയായിരുന്നു.

തന്റെ ആറു ദിവസത്തെ സ്പെയിൻ സന്ദർശനത്തിനിടയിൽ നാല് വിശുദ്ധ കുർബാനകളും പന്ത്രണ്ടോളം പ്രഭാഷണങ്ങളുമാണ് മാർപാപ്പ നടത്തുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.