കോട്ടയം: വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ചാണ്ടി ഉമ്മനെ ഉള്‍പ്പെടുത്താത്തതില്‍ നീരസം വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ. ചാണ്ടി ഉമ്മന്‍ മന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അദേഹം എങ്ങനെയാണ് പുറത്തായതെന്ന് അറിയില്ലെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാധ്യമ വിഭാഗം തലവന്‍ ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപൊലീത്ത പറഞ്ഞു.
'ഓര്‍ത്തഡോക്സ് സഭയിലെ അംഗമാണ് ചാണ്ടി ഉമ്മന്‍. മന്ത്രിസഭാ അംഗങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദേഹത്തിന്റെ പേരും കേട്ടിരുന്നു. പക്ഷേ അവസാന സമയം അദേഹം പുറത്തായി. അതിന്റെ കാരണം അറിയില്ല. പൊതുജനങ്ങള്‍ക്ക് പോലും അതില്‍ വിഷമമുണ്ട്. എന്താണ് അതിന് കാരണമെന്ന് പലരും ഞങ്ങളോട് ചോദിക്കുന്ന സ്ഥിതിയുമുണ്ടായി'- മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.
സഭയ്ക്ക് അതില്‍ പരിഭവമില്ല. നേതൃസ്ഥാനത്തേക്ക് വരുന്നവരെ അവരുടെ യോഗ്യതകള്‍ കണ്ടെത്തി അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. ചാണ്ടി ഉമ്മന്‍ മന്ത്രിയാകണമെന്ന് പുതുപ്പള്ളിയിലെ ജനം ആഗ്രഹിച്ചിരുന്നു. ജനത്തിന്റെ ഹിതം ചിലയിടങ്ങളിലൊക്കെ പാളിപ്പോകുന്നുണ്ട് എന്നൊരു തോന്നലിന് ഇത് കാരണമായിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.