തിരുവനന്തപുരം: മുനമ്പത്തെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങളില്‍ അധികാരികള്‍ കണ്ണടച്ചിരുട്ടാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കടലിന്റെ ഒഴുക്കിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. തീരപ്രദേശങ്ങളില്‍ ഓരോ വര്‍ഷ കാലത്തും അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായതിന് ശേഷം കടലിന്റെ സ്വാഭാവിക സ്ഥിതിയിലും ഒഴുക്കിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും ഫാ. യൂജിന്‍ പെരേര ചൂണ്ടിക്കാട്ടി. കടലില്‍ മികച്ച പരിചയസമ്പത്തുള്ള, ആരോഗ്യമുള്ള മത്സ്യത്തൊഴിലാളികള്‍ പോലും അപ്രതീക്ഷിതമായ കടല്‍ച്ചുഴിയില്‍ പെട്ടുപോകുന്ന ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളത്.
മുതലപ്പൊഴി ഹാര്‍ബറില്‍ മാത്രം ഇതിനകം 86 ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഭരണചക്രം തിരിക്കുന്നവര്‍ക്ക് കടലിന്റെ ഒഴുക്കിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് ഇതിന് കാരണം. ഇത്തരം സങ്കീര്‍ണ്ണമായ സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അറിവുമുള്ള വ്യക്തിയായിരിക്കണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടത്.
മത്സ്യത്തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും അവരുടെ ജീവനോപാധികളും കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്ന ഒരാളായിരിക്കണം ഫിഷറീസ് മന്ത്രിയാകേണ്ടതെന്ന ആവശ്യം സഭയ്ക്ക് മുന്‍പേ ഉണ്ടായിരുന്നുവെന്ന് അദേഹം തുറന്നടിച്ചു. ഈ വിഷയം കൃത്യമായി ഉത്തരവാദിത്തപ്പെട്ട ആളുകളെ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ മന്ത്രിസഭാ രൂപീകരണ വേളയിലുണ്ടായ ചില അന്തര്‍നാടകങ്ങള്‍ കാരണം അന്ന് ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും ഫാ. യൂജിന്‍ പെരേര ആരോപിച്ചു.
കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ, മത്സ്യത്തൊഴിലാളികളുടെ മനസറിയുന്ന രീതിയിലേക്ക് ഉദ്യോഗസ്ഥരിലും ഭരണ സംവിധാനത്തിലും കൃത്യമായ മാറ്റം സൃഷ്ടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ വളരെ പോസിറ്റീവായാണ് കാണുന്നതെന്ന് ഫാ. യൂജിന്‍ പെരേര പറഞ്ഞു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ മുഖ്യമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.