ടെഹ്റാന്‍: ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എണ്ണ ഉപരോധം താല്‍കാലികമായി നീക്കാന്‍ അമേരിക്ക നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നീം ആണ് അന്താരാഷ്ട്ര തലത്തില്‍ നിര്‍ണായകമായേക്കാവുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണികള്‍ വലിയ ഉണര്‍വ് പ്രകടിപ്പിച്ചു തുടങ്ങി.
ഇറാനില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് കമ്പനികള്‍ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉപരോധം നീക്കാനുള്ള യു.എസ് നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഉപരോധം നീക്കിയേക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉപരോധം പൂര്‍ണമായി നീക്കുകയാണെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാനും രാജ്യാന്തര തലത്തില്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാനുമാണ് യു.എസ് ഇറാനിയന്‍ എണ്ണ വ്യാപാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രാഥമിക ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രമാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് വിലക്കുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ഇറാനിയന്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്ന യുഎസ് ഇതര സ്ഥാപനങ്ങള്‍, വിദേശ ബാങ്കുകള്‍, ഇതര ഗവണ്‍മെന്റുകള്‍ എന്നിവയ്ക്കും യു.എസ് കര്‍ശന വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
അടുത്തിടെ നടത്തിയ രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിനിടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പ്രേരിപ്പിക്കാന്‍ ട്രംപിന് സാധിച്ചിരുന്നില്ല. ഇറാന് സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ചൈന സമ്മതിച്ചെങ്കിലും തങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാടിലായിരുന്നു ചൈന. ഈ സാഹചര്യത്തിലാണ് ചൈനീസ് കമ്പനികള്‍ക്ക് ഇളവ് നല്‍കാന്‍ യു.എസ് ആലോചിക്കുന്നത്.
മേഖലയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് യുഎസിന്റെ ഈ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ സ്വീകരിക്കേണ്ട അടുത്ത ഘട്ടങ്ങളെക്കുറിച്ച് ട്രംപ് തന്റെ ദേശീയ സുരക്ഷാ സംഘവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായും ചര്‍ച്ച നടത്തി വരികയാണ്.