ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം പ്രഖ്യാപിക്കുന്നതിനുള്ള പ്രത്യേക ബില്ലിന്മേല്‍ ഇറാന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
'കൗണ്ടര്‍ ആക്ഷന്‍ ബൈ ദി മിലിറ്ററി ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സസ്' എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ നയരൂപരേഖയിലാണ് ഈ വിവാദ നിര്‍ദേശമുള്ളത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ക്ക് പുറമെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പറെയും ഈ ബില്ലിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇവരെ വധിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നിശ്ചിത തുക പാരിതോഷികമായി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു.
നമ്മുടെ പരമോന്നത നേതാവ് രക്തസാക്ഷിത്വം വരിച്ചത് പോലെ, ഇതിന് കാരണക്കാരായ അമേരിക്കന്‍ പ്രസിഡന്റും സയണിസ്റ്റ് പ്രധാനമന്ത്രിയും സെന്റകോം കമാന്‍ഡറും തിരിച്ചടി നേരിടണം. ഏതൊരു മുസ്ലീമിനും സ്വതന്ത്രനായ വ്യക്തിക്കും ഇതൊരു മതപരവും പ്രത്യയശാസ്ത്രപരവുമായ ദൗത്യമായി ഏറ്റെടുക്കാമെന്നും ഇറാന്‍ പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അസീസി വ്യക്തമാക്കി.
ഇറാനിയന്‍ പാര്‍ലമെന്റ് അംഗമായ മഹ്മൂദ് നബാവിയനും ഈ നീക്കത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി.
കഴിഞ്ഞ ഫെബ്രുവരി 28 ന് ടെഹ്റാനിലുണ്ടായ സംയുക്ത യു.എസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അന്നത്തെ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടിരുന്നു. ഈ വധത്തിന് പിന്നിലെ പ്രധാന ആസൂത്രകര്‍ ട്രംപും നെതന്യാഹുവുമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. ഇതിനുള്ള പ്രതികാരം എന്നോണമാണ് നിലവില്‍ ഇറാന്‍ ഭരണകൂടം ഔദ്യോഗികമായി വധശിക്ഷയും പാരിതോഷികവും പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.
ഔദ്യോഗിക ബില്ലിന് പുറമെ 'കില്‍ ട്രംപ്' ക്യാമ്പയിനുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ഇറാനിയന്‍ സൈബര്‍-തീവ്രവാദ ഗ്രൂപ്പുകളും സമാനമായ തുക പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹാക്കിങ് ഗ്രൂപ്പായ ഹന്താല ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനായി ഫണ്ട് സമാഹരിച്ചതായി അവകാശപ്പെടുന്നു. സൈബര്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കില്‍ ട്രംപ് ക്യാമ്പയിനിലൂടെ ഇതിനകം ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയും വലിയ തോതില്‍ പണവും സമാഹരിച്ചതായാണ് ടെഹ്റാനില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.എസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കുന്നതാണ് ഇറാന്റെ പുതിയ നീക്കം.