ന്യൂഡല്‍ഹി: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണമെന്ന ഉത്തരവിനെതിരെ നല്‍കിയ അപേക്ഷകള്‍ സുപ്രീം കോടതി തള്ളി. ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. തെരുവ് നായ്ക്കളെ നീക്കാനായി ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് പുറപ്പെടുവിച്ച നടപടി ക്രമങ്ങളെ ചോദ്യം ചെയ്ത് ഒരു കൂട്ടം മൃഗ സ്‌നേഹികളാണ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്‌കൂളുകള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സ്പോര്‍ട്സ് കോംപ്ലക്‌സുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ മാറ്റുന്നത് ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ ബെഞ്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ തെരുവ് നീളെ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളും ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് ഈ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗ സ്‌നേഹികളും മൃഗസംരക്ഷണ സംഘടനകളും നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചു. ഈ അപേക്ഷകളില്‍ വിശദമായ വാദം കേട്ട ശേഷം ജനുവരി 29 ന് ബെഞ്ച് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. അന്തിമ വിധിയില്‍ അപേക്ഷകള്‍ എല്ലാം തള്ളുന്നതായി കോടതി ഉത്തരവിട്ടു.