കൊച്ചി: ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. ദീപാ ദാസ് മുന്‍ഷി, കെ.സി വേണുഗോപാല്‍ എന്നിവരെ ബെന്നി ബഹനാന്‍ എംപിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ കണ്ടു. രാഹുല്‍ ഗാന്ധിയോടും സോണിയ ഗാന്ധിയോടും ഫോണില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.
അവസാന നിമിഷം വരെ മന്ത്രി സഭയിലേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ പിന്നീട് തഴഞ്ഞത് ഉമ്മന്‍ ചാണ്ടിയോടുള്ള അവഹേളനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഓര്‍ത്തഡോക്‌സ് സഭയും പ്രതിഷേധം വ്യക്തമാക്കിയിരുന്നു.
അതേസമയം തുടക്കം മുതല്‍ മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന തന്റെ പേര് ഒടുവില്‍ ഇല്ലാതെ പോയതില്‍ ചാണ്ടി ഉമ്മനും പരിഭവമുണ്ട്. കഴിഞ്ഞ ദിവസം അദേഹം മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ വീട്ടിലെത്തി കണ്ടു. അരമണിക്കൂറിലധികം ഇരുവരും സംസാരിച്ചു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസ്ഥാനം തന്നെ വേണം എന്നില്ലെന്ന് പിന്നീട് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.