തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന നവകേരള ബസ് യാത്രയ്ക്കിടെ ആലപ്പുഴയില്‍ ഗണ്‍മാന്‍മാര്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡിവൈ.എസ്.പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇത് സംബന്ധിച്ച് കേരള പൊലീസ് ഉത്തരവിറക്കി. ആറ് പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതിനെ പിണറായി വിജയന്‍ 'രക്ഷാ പ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ര
ണ്ടാഴ്ചക്കിടയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഒരു മാസത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇക്കാര്യത്തില്‍ പുനരന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങി വന്ന ഗണ്‍മാന്‍മാരായ അനില്‍ കുമാറും എസ്. സന്ദീപും പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം ഗണ്‍മാന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.