ചെന്നിത്തല പണി തുടങ്ങി: ഭരണമാറ്റത്തിന് പിന്നാലെ കേരള പൊലീസിലെ ഇടത് സംഘടനാ നേതാക്കള്‍ക്ക് സ്ഥലം മാറ്റം

ചെന്നിത്തല പണി തുടങ്ങി: ഭരണമാറ്റത്തിന് പിന്നാലെ കേരള പൊലീസിലെ ഇടത് സംഘടനാ നേതാക്കള്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേരള പൊലീസില്‍ നിര്‍ണായക അഴിച്ചുപണി. പൊലീസ് സേനയിലെ പ്രമുഖ ഇടത് അനുകൂല സംഘടനാ നേതാക്കളെ ക്രമസമാധാന ചുമതലയുള്ള തസ്തികകളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത്, ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു എന്നിവര്‍ക്കെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ ആദ്യ നടപടി. ആര്‍. പ്രശാന്തിനെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സി.ഐ റാങ്കില്‍ നിന്ന് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയിട്ടാണ് നിയമിച്ചത്. സി.ആര്‍ ബിജുവിനെ കൊച്ചി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് കൊച്ചി സിറ്റി പൊലീസിലേക്ക് താല്‍കാലികമായി മാറ്റി. ഇദേഹത്തിന്റെ സ്റ്റേഷന്‍ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉടന്‍ തീരുമാനിക്കും.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും സ്‌പെഷ്യല്‍ ബ്രാഞ്ചിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഈ കാലയളവില്‍ ഇവര്‍ പൊലീസ് യൂണിഫോം ധരിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ക്രമസമാധാന ചുമതലയുള്ള തസ്തികകളിലേക്ക് മാറ്റിയതെന്നുമാണ് വിശദീകരണം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലുകളാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

ഭരണമാറ്റത്തിന് പിന്നാലെ അര്‍ഹമായ അഴിച്ച് പണികളാണ് നടക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരേ തസ്തികയില്‍ തുടര്‍ന്നവരെ മാറ്റേണ്ടത് ആവശ്യമായിരുന്നുവെന്ന് യുഡിഎഫ് അനുകൂല സംഘടന പ്രതിനിധികള്‍ പറഞ്ഞു.

പൊതുസ്ഥലംമാറ്റ പട്ടികയ്ക്ക് കാത്തുനില്‍ക്കാതെ, പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി ഇത്തരമൊരു നടപടി സ്വീകരിച്ചതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊലീസ് അസോസിയേഷന്‍ ആരോപിക്കുന്നു. മുന്‍ സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തിയ നേതാക്കളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രതികാരമാണിതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം തന്നെ ആഭ്യന്തര വകുപ്പ് നടപടികളിലേക്ക് കടന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലംമാറ്റ ഉത്തരവുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.