വാഷിങ്ടണ്‍: ഇറാന് നേരെ ചൊവ്വാഴ്ച പുനരാരംഭിക്കാനിരുന്ന സൈനിക ആക്രമണം ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നി രാജ്യങ്ങളാണ് ആക്രമണത്തില്‍ നിന്ന് പിന്മാറാന്‍ യു.എസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ ഇറാനുമായി പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
യു.എസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കാന്‍ യു.എസ് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കൂടുതല്‍ പുതിയ യുദ്ധ മുഖങ്ങള്‍ തുറക്കുമെന്നും ഇറാന്‍ സേനാ വക്താവ് മുഹമ്മദ് അക്രമിനിയ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കാലയളവ് തങ്ങളുടെ സൈനിക ശേഷിയും ആക്രമണ ശേഷിയും വര്‍ധിപ്പിക്കാനാണ് ഇറാന്‍ സൈന്യം ഉപയോഗിച്ചതെന്നും അക്രമിനിയ കൂട്ടിച്ചേര്‍ത്തു.
2026 ഫെബ്രുവരി 28 നാണ് യു.എസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം ആരംഭിക്കുന്നത്. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട രക്തച്ചൊരിച്ചിലിനൊടുവില്‍ ഏപ്രില്‍ എട്ടിനാണ് ഇരു വിഭാഗവും വെടിനിര്‍ത്തലിന് തയ്യാറായത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ യുദ്ധത്തിന് താല്‍കാലിക അയവ് വന്നിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായൊരു സമാധാനക്കരാറിലേക്ക് എത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടലിലൂടെ താല്‍കാലം ഒഴിവായ യുദ്ധം വരും ദിവസങ്ങളിലെ ചര്‍ച്ചകളെ ആശ്രയിച്ചായിരിക്കും മുന്നോട്ട് പോവുക. മേഖലയില്‍ വീണ്ടുമൊരു യുദ്ധം ഉണ്ടായാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് അത് കനത്ത ആഘാതമായിരിക്കും.