'രാജ്യത്ത് സാമ്പത്തിക മാന്ദ്യം; പ്രധാനമന്ത്രി മിഠായി വിതരണം ചെയ്ത് റീലുകള്‍ എടുക്കുന്നു': മോഡിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

'രാജ്യത്ത് സാമ്പത്തിക മാന്ദ്യം; പ്രധാനമന്ത്രി മിഠായി വിതരണം ചെയ്ത് റീലുകള്‍ എടുക്കുന്നു': മോഡിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റോമില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നരേന്ദ്ര മോഡി മിഠായി നല്‍കുന്ന വൈറല്‍ വീഡിയോയുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ പ്രധാനമന്ത്രി 'നാടകങ്ങളില്‍' മുഴുകുകയാണെന്ന് രാഹുല്‍ ആരോപിച്ചു. റോമില്‍ നടന്ന ഒരു യോഗത്തിനിടെ പ്രധാനമന്ത്രി മോഡി 'മെലഡി' ടോഫിയുടെ ഒരു പാക്കറ്റ് മെലോണിക്ക് സമ്മാനമായി നല്‍കിയിരുന്നു.

'രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ കൊടുങ്കാറ്റാണ് ആഞ്ഞടിക്കാന്‍ പോകുന്നത്. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയില്‍ ടോഫി വിതരണം ചെയ്ത് റീല്‍ എടുക്കുന്ന തിരക്കിലാണ്. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം ദുരിതമനുഭവിക്കുന്നു.

എന്നാല്‍ പ്രധാനമന്ത്രി റീലുകള്‍ക്കായി പുഞ്ചിരിക്കുന്നു. അതുകണ്ട് ബിജെപി നേതാക്കള്‍ കൈയടിക്കുന്നു. ഇത് നേതൃത്വമല്ല, നാടകീയതയാണ്' - രാഹുല്‍ വിമര്‍ശിച്ചു.

അമേഠിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്തിയത്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ശേഷം മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് ടോഫി പങ്കിടുന്ന തിരക്കിലാണെന്നും അദേഹം പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ എതിര്‍ത്തു. കോണ്‍ഗ്രസ് നേതാവിന്റെ അരാജകത്വ മനോഭാവത്തെയാണ് പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നും പ്രസ്താവന അങ്ങേയറ്റം ഖേദകരമാണെന്നും അദേഹം ആരോപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.