'പിണറായിയും ഞങ്ങളെപ്പോലെ ഒരു എം.എല്‍.എ'; വ്യക്തി വൈരാഗ്യങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് ജി. സുധാകരന്‍

'പിണറായിയും ഞങ്ങളെപ്പോലെ ഒരു എം.എല്‍.എ'; വ്യക്തി വൈരാഗ്യങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് ജി. സുധാകരന്‍

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും തനിക്ക് ആരോടും വിരോധമില്ലെന്നും നിയുക്ത പ്രോടെം സ്പീക്കര്‍ ജി. സുധാകരന്‍. നിയസഭയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തനിക്ക് മുന്നിലാണല്ലോ സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.

'പിണറായി വിജയനെന്നോ മറ്റൊരാളെന്നോ എന്റെ മുന്‍പിലില്ല. എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക എന്നതാണ് പ്രോടെം സ്പീക്കറുടെ ചുമതല. പിണറായി വിജയന്‍ രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. ആ സര്‍ക്കാരില്‍ ഞാനും അംഗമായിരുന്നു. പിണറായിയും ഇപ്പോള്‍ ഞങ്ങളെപ്പോലെ ഒരു എംഎല്‍. മാത്രമാണ്.'- ജി. സുധാകരന്‍ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും സ്ഥാനമൊഴിയണോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് അവരായതിനാല്‍ ഇടത് മുന്നണിയുടെ പരാജയത്തില്‍ അവര്‍ക്ക് വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

അതേപോലെ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സിപിഎം വിട്ടതിനെക്കുറിച്ചും സുധാകരന്‍ വ്യക്തത വരുത്തി. പാര്‍ട്ടിയുമായി വര്‍ഷങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചത് രാജിവെച്ചോ പുറത്താക്കപ്പെട്ടോ അല്ല. 63 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം പാര്‍ട്ടിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തോന്നിയതിനാല്‍ അംഗത്വം പുതുക്കാതിരിക്കുകയായിരുന്നുവെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും തനിക്ക് വോട്ട് ചെയ്തു. യുഡിഎഫ് ഘടകകക്ഷികള്‍ ആത്മാര്‍ത്ഥമായി ഒപ്പം നിന്നു പ്രവര്‍ത്തിച്ചു. ഒപ്പം പാര്‍ട്ടിയുടെ മാത്രം കാല്‍ ലക്ഷത്തോളം വോട്ടുകള്‍ വ്യക്തിപരമായി ലഭിച്ചിട്ടുണ്ടെന്നും സുധാകരന്‍ അവകാശപ്പെട്ടു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് മുന്നില്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷമായിരുന്നു അമ്പലപ്പുഴയില്‍ നിന്നുള്ള മുതിര്‍ന്ന ജനപ്രതിനിധിയായ ജി. സുധാകരന്റെ പ്രതികരണം. പുതിയ നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ജി. സുധാകരന്‍ നേതൃത്വം നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.