ജെറുസലേം: താമസാനുമതി പുതുക്കി നൽകാൻ ഇസ്രയേൽ ഭരണകൂടം വിസമ്മതിച്ചതിനെ തുടർന്ന് ബെത്‌ലഹേമിന് സമീപമുള്ള ബെയ്റ്റ് സഹൂരിൽ സേവനം ചെയ്തിരുന്ന പ്രമുഖ കത്തോലിക്കാ വൈദികൻ സ്വദേശത്തേക്ക് മടങ്ങി. പാലസ്തീനിലെ യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഫാ. ലൂയിസ് സൽമാൻ ആണ് ഇസ്രയേൽ സർക്കാരിന്റെ കടുംപിടുത്തത്തെ തുടർന്ന് മാതൃരാജ്യമായ ജോർദാനിലേക്ക് മടങ്ങിയത്.
യേശു ക്രിസ്തുവിന്റെ ജനനം ഇടയന്മാർക്ക് വെളിപ്പെടുത്തിയ പുണ്യസ്ഥലമായി വിശ്വസിക്കപ്പെടുന്ന ബെയ്റ്റ് സഹൂർ പട്ടണത്തിൽ അദേഹം അർപ്പിച്ച അവസാന വിശുദ്ധ കുർബാന അതീവ വൈകാരികമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ പ്രീമിയർ റിപ്പോർട്ട് ചെയ്യുന്നു.
പ്രിയപ്പെട്ട പാലസ്തീൻ മണ്ണ് വിട്ട്, സുവിശേഷത്തിന്റെയും നീതിയുടെയും ദൗത്യം തുടർന്നുകൊണ്ട് താൻ ജോർദാനിലേക്ക് മടങ്ങുകയാണെന്ന് അദേഹം ഇടവക ജനങ്ങൾക്ക് നൽകിയ വിടവാങ്ങൽ സന്ദേശത്തിൽ വ്യക്തമാക്കി. ഫാ. ലൂയിസിന്റെ അവസാന ദിവ്യബലിയിൽ നൂറുകണക്കിന് വിശ്വാസികളും 150-ഓളം യുവജനങ്ങളും പങ്കെടുത്തു.
പാലസ്തീനിലെ യുവജനങ്ങളുടെ ചാപ്ലെയിൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ഫാ. ലൂയിസ് യുവാക്കൾക്കിടയിൽ ചെലുത്തിയ സ്വാധീനവും രാഷ്ട്രീയ വീക്ഷണങ്ങളുമാണ് ഇസ്രയേൽ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നാല് വർഷം മുൻപ് പാലസ്തീനിൽ വെച്ച് ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേയുടെ മൃതസംസ്കാര ശുശ്രൂഷകൾക്കും വിലാപയാത്രയ്ക്കും നേതൃത്വം നൽകിയത് ഫാ. ലൂയിസ് ആയിരുന്നു. ഈ സംഭവം ഉൾപ്പെടെ മേഖലയിൽ അദേഹം ചെലുത്തുന്ന ശക്തമായ സ്വാധീനത്തിലുള്ള ആശങ്കയാണ് താമസാനുമതി നിഷേധിക്കുന്നതിലേക്ക് ഇസ്രയേലിനെ നയിച്ചതെന്നാണ് വിലയിരുത്തൽ.
വിശുദ്ധവാരത്തിലും ഈസ്റ്റർ ചടങ്ങുകളിലും ഇസ്രയേൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ, കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ തീവ്രവാദികളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ, ക്രൈസ്തവ പ്രതീകങ്ങൾ തകർക്കൽ തുടങ്ങി വിശുദ്ധ നാട്ടിൽ ക്രൈസ്തവ സമൂഹം നേരിടുന്ന ഭീഷണികൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജനപ്രിയനായ ഒരു വൈദികനെക്കൂടി ഇസ്രയേൽ ഭരണകൂടം പുറത്താക്കിയിരിക്കുന്നത്.