വിനോദ സഞ്ചാരികൾക്ക് തിരിച്ചടി; ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ വിസ രഹിത താമസ കാലാവധി വെട്ടിച്ചുരുക്കി തായ്‌ലൻഡ്

വിനോദ സഞ്ചാരികൾക്ക് തിരിച്ചടി; ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ വിസ രഹിത താമസ കാലാവധി വെട്ടിച്ചുരുക്കി തായ്‌ലൻഡ്

ബാങ്കോക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തായ്‌ലൻഡ് സർക്കാർ തങ്ങളുടെ വിസാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വൻതോതിൽ വർധിച്ച സാഹചര്യത്തിലാണ് വിസ രഹിത താമസ കാലാവധി വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. തായ്‌ലൻഡ് മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകിയത്.

പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ വിദേശ സഞ്ചാരികൾക്ക് ഇതുവരെ ലഭ്യമായിരുന്ന 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്. കോവിഡിന് ശേഷം തകർച്ചയിലായ ടൂറിസം മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച ലക്ഷ്യമിട്ടായിരുന്നു തായ്‌ലൻഡ് സർക്കാർ മുൻപ് വിസാ നിയമങ്ങളിൽ ഇളവുകൾ അനുവദിച്ചിരുന്നത്.

നിലവിലുണ്ടായിരുന്ന നിയമ പ്രകാരം ഇന്ത്യ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു.

എന്നാൽ ഈ ഇളവുകൾ ദുരുപയോഗം ചെയ്ത് പല വിദേശ പൗരന്മാരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയതാണ് പുതിയ കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ തായ് അധികൃതരെ പ്രേരിപ്പിച്ചത്. വിനോദ സഞ്ചാരം തായ്‌ലൻഡിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നതിനാലാണ് വിദേശ സഞ്ചാരികളെ ആകർഷിക്കാൻ രാജ്യം വലിയ ഇളവുകൾ നൽകിയിരുന്നത്.

എന്നാൽ രാജ്യത്തെ ക്രമസമാധാന നിലയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണിയാകും വിധം വിദേശികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വർദ്ധിച്ചതോടെ വിനോദസഞ്ചാര വരുമാനത്തേക്കാൾ രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് തായ് സർക്കാർ വ്യക്തമാക്കി. പുതുക്കിയ വിസാ നിയമങ്ങൾ വരും ദിവസങ്ങളിൽ തന്നെ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.