ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് (എന്‍ടിഎ) ഉദ്യോഗസ്ഥര്‍. പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ ആണ് വീഴ്ച സമ്മതിച്ചത്.
നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതി അതൃപ്തി അറിയിച്ചു. എന്‍ടിഎയോട് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയം ആയതിനാല്‍ കൂടുതല്‍ വിശദികരിക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്ററി സമിതി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കുമെന്ന് സമിതിയംഗം ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
വീഴ്ച്ച തുടര്‍ന്നും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്‌തെന്നും അദേഹം പറഞ്ഞു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ അറിയിച്ചു. ഇന്റലിജന്‍സ് പരാജയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഉണ്ട് എന്ന അഭിപ്രായം പാര്‍ലമെന്റ് സമിതി മുന്നോട്ട് വെച്ചു.
ഉന്നത അധികാരികള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടത് പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്‌തെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.