ഇന്തോനേഷ്യയിൽ കത്തോലിക്കാ ദേവാലയത്തിന് നേരെ ഡ്രോൺ ആക്രമണം; നാല് പേർക്ക് പരിക്ക്; വനങ്ങളിലേക്ക് പലായനം ചെയ്ത് വിശ്വാസികൾ

ഇന്തോനേഷ്യയിൽ കത്തോലിക്കാ ദേവാലയത്തിന് നേരെ ഡ്രോൺ ആക്രമണം; നാല് പേർക്ക് പരിക്ക്; വനങ്ങളിലേക്ക് പലായനം ചെയ്ത് വിശ്വാസികൾ

ജക്കാർത്ത: ഇന്തോനേഷ്യയിലെ സെൻട്രൽ പപ്പുവ പ്രവിശ്യയിലുള്ള കത്തോലിക്കാ ദേവാലയത്തിന് നേരെ ഡ്രോൺ ആക്രമണം. ഇന്റാൻ ജയ റീജൻസിയിലെ എംബാമോഗോ ഗ്രാമത്തിലുള്ള സെന്റ് പോൾസ് കത്തോലിക്കാ പള്ളിയിലാണ് ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വൻ സ്ഫോടനമുണ്ടായത്.

അക്രമത്തെ തുടർന്നുണ്ടായ ആഭ്യന്തര സംഘർഷങ്ങളിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ഒരു ലക്ഷത്തിലധികം സാധാരണക്കാർ പ്രദേശത്തു നിന്ന് കുടിയിറക്കപ്പെടുകയും ചെയ്തു. മേയ് 17നായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഞായറാഴ്ചത്തെ വിശുദ്ധ കുർബാന കഴിഞ്ഞ് നിരവധി വിശ്വാസികൾ പള്ളിമുറ്റത്ത് നിൽക്കുമ്പോഴാണ് ശക്തമായ ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നാല് തദേശീയ പാപ്പുവാൻ കത്തോലിക്കർക്ക് ഗുരുതരമായി പരിക്കേറ്റു.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രോൺ വഴിയാണ് സ്ഫോടക വസ്തു ദേവാലയ മുറ്റത്തേക്ക് ഇട്ടതെന്ന് ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. സ്ഫോടനത്തിന് പിന്നാലെ കടുത്ത ഭീതിയിലായ നൂറുകണക്കിന് സാധാരണക്കാർ ജീവനും കൊണ്ട് അടുത്തുള്ള വനങ്ങളിലേക്ക് പലായനം ചെയ്തു. ഇത് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയിട്ടുണ്ട്. നിലവിൽ ലക്ഷക്കണക്കിന് ആളുകളാണ് അഭയാർത്ഥികളായി മാറിയിരിക്കുന്നത്.

ക്രൂരമായ ഈ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഇന്തോനേഷ്യൻ സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സെൻട്രൽ പപ്പുവ പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവാലയത്തിന് നേരെയുണ്ടായ ഈ ഡ്രോൺ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.