ലക്ഷങ്ങളുടെ ശമ്പള വാഗ്ദാനം: റഷ്യന്‍ യുദ്ധക്കളത്തില്‍ 217 ഇന്ത്യക്കാര്‍; 49 പേര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ലക്ഷങ്ങളുടെ ശമ്പള വാഗ്ദാനം: റഷ്യന്‍ യുദ്ധക്കളത്തില്‍ 217 ഇന്ത്യക്കാര്‍; 49 പേര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പോരാടിയ 49 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആകെ 217 ഇന്ത്യക്കാരാണ് റഷ്യന്‍ സായുധ സേനയില്‍ ചേര്‍ന്നത്. ശക്തമായ നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ ഇതില്‍ 139 പേരെ കരാറുകളില്‍ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിലാണ് കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റഷ്യയില്‍ കുടുങ്ങിയ 26 പേരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഹര്‍ജിയില്‍ പറയുന്ന 26 പേരില്‍ 14 പേരും ഇതിനകം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.

യുദ്ധ മേഖലയില്‍ നിന്ന് ലഭിച്ച ബാക്കി മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. മരിച്ചവരെയും കാണാതായവരെയും തിരിച്ചറിയുന്നതിനായി 21 ഇന്ത്യന്‍ കുടുംബങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് മോസ്‌കോയിലെ ഇന്ത്യന്‍ എംബസി വഴി റഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. 11 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

പ്രതിമാസം 2,500 യു.എസ് ഡോളര്‍ (രണ്ട് ലക്ഷത്തിലധികം രൂപ) ശമ്പളം, റഷ്യന്‍ പൗരത്വം, മരണപ്പെട്ടാല്‍ 1.4 കോടി രൂപ ധനസഹായം തുടങ്ങിയ വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഇന്ത്യന്‍ യുവാക്കളെ റഷ്യയിലേക്ക് കടത്തിയത്.

ഇത്തരം മനുഷ്യക്കടത്ത് ശൃംഖലകള്‍ക്കെതിരെ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. കേസ് സുപ്രീം കോടതി പിന്നീട് വാദം കേള്‍ക്കാനായി മാറ്റിവെച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.