ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശ്വസിക്കാം. 2026 ഫിഫ ലോകകപ്പ് ഇന്ത്യയില്‍ തത്സമയം സംപ്രേക്ഷണം ഉണ്ടാകും.
ലോകകപ്പ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു.
സീ എന്റര്‍ടൈന്‍മെന്റാണ് ഇന്ത്യയില്‍ ഫുട്ബോള്‍ ലോകകപ്പ് സംപ്രേക്ഷണത്തിന് അവകാശം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി സീ എന്റര്‍ടെയ്ന്‍മെന്റ് പുതിയ ഏഴ് സ്പോര്‍സ് ചാനലുകള്‍ ആരംഭിക്കുമെന്നാണ് വിവരം. യുണൈറ്റഡ് 8 സ്പോര്‍ട്സ് എന്ന പേരില്‍ അവര്‍ ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
30-35 മില്യണ്‍ യു.എസ് ഡോളറിന് തുല്യമായ കരാറാണ് ഫിഫയുമായി ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 11 ന് ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയിലെ സംപ്രേക്ഷണം സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനിന്നത് കായിക പ്രേമികളെ ആശങ്കയിലാക്കിയിരുന്നു.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ദൂരദര്‍ശനടക്കമുള്ളവര്‍ സംപ്രേക്ഷണത്തിനായി ശ്രമം നടത്തിയിരുന്നു.