സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് നാളെ സമർപ്പിക്കും; തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗം നിർണായകം

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് നാളെ സമർപ്പിക്കും; തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗം നിർണായകം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ട് നാളെ ഗതാഗത സെക്രട്ടറി സർക്കാരിന് സമർപ്പിക്കും. പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് കെഎസ്ആർടിസി മാനേജ്‌മെന്റ് നൽകിയ കണക്കുകൾ വിശദമായി വിലയിരുത്തിയാണ് ഗതാഗത സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

വരുന്ന തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്യും. സൗജന്യ യാത്ര ഏതെല്ലാം കാറ്റഗറി ബസുകളിൽ, ഏത് രീതിയിൽ നടപ്പാക്കണം എന്ന കാര്യത്തിൽ മന്ത്രിസഭാ യോഗത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ് ലഭ്യമാക്കുമെന്നാണ് ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓർഡിനറി ബസുകൾ മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള ഓരോ തരം സർവീസുകളിലും പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകാവുന്ന വരുമാന നഷ്ടത്തിന്റെ കൃത്യമായ കണക്കുകൾ കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഗതാഗത സെക്രട്ടറിക്ക് കൈമാറിയിരുന്നു.

പദ്ധതി നടപ്പിലാകുന്നതോടെ കോർപ്പറേഷനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്ന കാര്യത്തിലും തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ധാരണയാകും. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ യാത്രാ സൗജന്യത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും നിയമാവലികളും അടങ്ങിയ ഔദ്യോഗിക മാർ​ഗരേഖ അടുത്ത ദിവസങ്ങളിൽ ഗതാഗത വകുപ്പ് പുറത്തിറക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.