കൊച്ചി: ജനങ്ങളിലേക്ക് സത്യസന്ധമായ വാർത്തകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'സിന്യൂസ് ലൈവ്' മലയാളം - ഇംഗ്ലീഷ് വാർത്താ പോർട്ടലിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക അവലോകന യോഗം ചേർന്നു. മാധ്യമ സംസ്കാരത്തിന് സിന്യൂസ് ലൈവ് നൽകിയ സംഭാവനകളെ തലശേരി അതിരൂപത ആർച്ച് ബിഷപ്പും സിബിസിഐ, സീറോ മലബാർ മീഡിയ കമ്മീഷൻ എന്നിവയുടെ മുൻ ചെയർമാനുമായ മാർ ജോസഫ് പാംപ്ലാനി ആദരവോടെ അനുസ്മരിച്ചു.
"ആരംഭശൂരത്വം മാത്രമായി ഒതുങ്ങിപ്പോകാതെ പരസ്യങ്ങളുടെ വലിയ പിന്തുണയൊന്നും ഇല്ലാതെ തന്നെ കഴിഞ്ഞ അഞ്ച് വർഷക്കാലം ഈ മാധ്യമത്തെ ഇത്രയും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത് വലിയ നേട്ടമാണ്," എന്ന് പാംപ്ലാനി പിതാവ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഇതിനായി കഠിനാധ്വാനം ചെയ്ത അണിയറപ്രവർത്തകർ ഏവരെയും അഭിനന്ദിക്കുകയും ആശീർവദിക്കുകയും ചെയ്തു.
ജാതിമത ഭേദമന്യേ സത്യത്തെ സ്നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും സിന്യൂസിനെ സ്വീകരിച്ചതായി വാർഷിക യോഗം വിലയിരുത്തി. സഭാനേതൃത്വങ്ങളും വായനക്കാരും നൽകുന്ന കനത്ത പിന്തുണയോടെ കൂടുതൽ സുതാര്യമായ വാർത്തകളുമായി മുന്നോട്ട് പോകാനാണ് സിന്യൂസ് മാനേജ്‌മെന്റിന്റെ തീരുമാനം.
വറുഗീസ് തോമസ് (സിന്യൂസ് ലൈവ് ചെയർമാൻ), ലിസി കെ. ഫർണാണ്ടസ് (സിഇഒ), ജോ കാവാലം (ചീഫ് എഡിറ്റർ), സോണി മനോജ്, സജി വർഗീസ് തുങ്ങിയവർ യോഗത്തിൽ സംസാരിച്ചു. സെലിൻ പോൾസൺ ആരംഭിച്ച പ്രാർത്ഥനാ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്.
വർഷങ്ങൾക്ക് മുമ്പ് മാർ ജോസഫ് പാംപ്ലാനി പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി ഒരു ചെറിയ സംരംഭമായി തുടക്കം കുറിച്ച സിന്യൂസ് ലൈവ് ഇന്ന് ലോകത്തിന്റെ നൂറിലധികം രാജ്യങ്ങളിലായി കോടിക്കണക്കിന് വായനക്കാരുള്ള പ്രമുഖ മാധ്യമമായി വളർന്നു കഴിഞ്ഞു.