ഇസ്ലമാബാദ്: പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് സൈനികരും അവരുടെ കുടുംബാംഗങ്ങളുമായി പോകുന്ന ട്രെയിന്‍ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ക്വറ്റയിലെ ചമന്‍ പട്ടക്കില്‍ ട്രെയിന്‍ ഒരു സിഗ്‌നല്‍ കടന്നു പോകുന്നതിനിടെ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഒരു ബോഗിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരിച്ചവരില്‍ സൈനികരുമുണ്ട്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിനിന്റെ രണ്ടു കോച്ചുകള്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും തീപിടിക്കുകയും ചെയ്തതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സ്ഫോടനം നടന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളില്‍ സമീപത്തെ കെട്ടിടങ്ങള്‍ തകര്‍ന്നതും മറിഞ്ഞ ബോഗികള്‍ക്ക് മുകളില്‍ കയറിനിന്ന് ആളുകള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതും കാണാം. സ്‌ഫോടനത്തിനു പിന്നില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണെന്ന് സംശയിക്കുന്നു.
ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് 400 യാത്രക്കാരുമായി പോയ ട്രെയിന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിന് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് സ്‌ഫോടനം നടക്കുന്നത്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയായിരുന്നു പിന്നില്‍.
ആക്രമണത്തില്‍ പങ്കാളികളായ 33 ഭീകരരെയും അന്ന് പാക് സൈന്യം വധിക്കുകയും നൂറുകണക്കിന് യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. 2025 ഒക്ടോബറില്‍ സിന്ധ് പ്രവിശ്യയില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ജാഫര്‍ എക്‌സ്പ്രസിന്റെ ഒന്നിലധികം കോച്ചുകള്‍ പാളം തെറ്റുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.